ലണ്ടൻ: കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ മാറ്റിയതോടെ 2022-ൽ വ്യോമയാന മേഖലയും ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. തങ്ങളുടെ അനുഭവം അടിസ്ഥാനമാക്കി 2022 ലെ ഏറ്റവും മികച്ച വിമാന കമ്പനിയായി യാത്രക്കാർ തിരഞ്ഞെടുത്തത് ഖത്തർ എയർവെയ്സിനെയാണ്. സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് ആണ് ഖത്തർ എയർവേയ്സിന് ലഭിച്ചത്. പട്ടികയിൽ സിംഗപ്പൂർ എയർലൈൻസ് രണ്ടാമതും എമിറേറ്റ്സ് മൂന്നാമതുമുണ്ട്.

യുകെ ആസ്ഥാനമായിട്ടുള്ള വിമാന-വിമാനത്താവള അവലോകന റാങ്കിങ് സൈറ്റാണ് സ്കൈട്രാക്സ്. 2021 സെപ്റ്റംബറിനും 2022 ഓഗസ്റ്റിനും ഇടയിൽ 100 ലധികം രാജ്യങ്ങളിലായി 14 ദശലക്ഷത്തിലധികം യാത്രക്കാരിൽ നിന്ന് അഭിപ്രായങ്ങൾ തേടിയാണ് സർവേ സംഘടിപ്പിച്ചത്.

ലോകത്തിലെ മികച്ച എയർലൈൻ കമ്പനി എന്നതിന് പുറമെ മറ്റു എട്ട് അവാർഡുകൾകൂടി ഖത്തർ എയർവേയ്സ് കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച ബിസിനസ് ക്ലാസ്, മികച്ച ബിസിനസ് ക്ലാസ് ഇരിപ്പിടം, മികച്ച ബിസിനസ് ക്ലാസ് ഡൈനിങ് ലോഞ്ച് തുടങ്ങിയ അവാർഡുകളാണ് ഖത്തർ എയർവേയ്സിന് ലഭിച്ചിട്ടുള്ളത്. രണ്ടാമത്തെ മികച്ച എയർലൈൻ കമ്പനിയായി കണ്ടെത്തിയ സിംഗപ്പൂർ എയർലൈൻസിന് മറ്റു ഒമ്പത് അവാർഡുകളും കിട്ടി. കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്രയ്ക്കും മികച്ച ജീവനക്കാരുള്ള വിമാന കമ്പനിയെന്നതടക്കമുള്ള അവാർഡുകളും ഇതിലുൾപ്പെടും.

ടർക്കിഷ് എയർലൈൻസിന് യൂറോപ്പിലെ ഏറ്റവും മികച്ച എയർലൈൻ ടൈറ്റിൽ ഉൾപ്പെടെ നാല് അവാർഡുകൾ ലഭിച്ചു. ഡെൽറ്റ എയർലൈൻസിന് ആറ് അവാർഡുകളും കിട്ടി.

ഖത്തർ എയർവേയ്സ് രൂപീകരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ആയി തിരഞ്ഞെടുക്കപ്പെടുക എന്നത് എല്ലായ്പ്പോഴും ഞങ്ങളുടെ ഒരു ലക്ഷ്യമായിരുന്നു, എന്നാൽ ഏഴാം തവണയും ഈ നേട്ടം സ്വന്തമാക്കുകയും മറ്റു അവാർഡുകൾ നേടുകയും ചെയ്യുക എന്നത് ഞങ്ങളുടെ എല്ലാ ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്’ ഖത്തർ എയർവേയ്സ് സിഇഒ അകബർ അൽ ബക്കർ പറഞ്ഞു.

മികച്ച വിമാന കമ്പനികളുടെ റാങ്കിങ് പട്ടികയിൽ ഇന്ത്യയിൽ നിന്ന് ആദ്യ 20-ൽ ഇടംപിടിച്ചത് വിസ്താര മാത്രമാണ്. രണ്ട് അവാർഡുകളും വിസ്താര സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലേയും ദക്ഷിണേഷ്യയിലേയും മികച്ച വിമാന കമ്പനി, ഇന്ത്യയിലേയും ദക്ഷിണ ഏഷ്യയിലേയും ജീവനക്കാരുടെ മികച്ച സേവനം ലഭിക്കുന്ന വിമാന കമ്പനി എന്നീ രണ്ട് അവാർഡുകളാണ് വിസ്താരയ്ക്ക് ലഭിച്ചിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനികളുടെ പട്ടിക

  1. ഖത്തർ എയർവേയ്സ്
  2. സിംഗപ്പൂർ എയർലൈൻസ്
  3. എമിറേറ്റ്സ്
  4. ANA-ഓൾ നിപ്പോൺ എയർവേയ്സ്
  5. ക്വാണ്ടാസ് എയർവേയ്സ്
  6. ജപ്പാൻ എയർലൈൻസ്
  7. ടർക്കിഷ് എയർലൈൻസ്
  8. എയർ ഫ്രാൻസ്
  9. കൊറിയൻ എയർ
  10. സ്വിസ് ഇന്റർനാഷണൽ എയർലൈൻസ്
  11. ബ്രിട്ടീഷ് എയർവേയ്സ്
  12. ഇത്തിഹാത് എയർവേയ്സ്
  13. ചൈന സൗത്തേൺ
  14. ഹൈനാൻ എയർലൈൻസ്
  15. ലുഫ്താൻസ
  16. കാത്തേ പസഫിക്
  17. കെ.എൽ.എം
  18. ഇ.വി.എ എയർ
  19. വിർജിൻ അറ്റ്ലാന്റിക്
  20. വിസ്താര