അറക്കുളം: വീടുകുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ കൂട്ടുപ്രതിയെ കാഞ്ഞാർ പോലീസ് തമിഴ്നാട്ടിലെ കാമാക്ഷിപുരത്തുനിന്ന് പിടികൂടി. സംഭവം നടന്ന് 15 വർഷങ്ങൾക്ക് ശേഷമാണ് മോഷ്ടാവിനെ പൊക്കിയത്. കേസിലെ മുഖ്യ പ്രതി ഷോളയപ്പ(42)നെയാണ് കാഞ്ഞാർ പോലീസ് എ.എസ്.ഐ. പി.കെ.നിസാർ, സിവിൽ പോലീസ് ഓഫീസർ സലാഹുദീൻ എന്നിവരുൾപ്പെട്ട സ്ക്വാഡ് അറസ്റ്റുചെയ്തത്.

ഡിവൈ.എസ്.പി. മധുബാബുവിന്റെ നിർദേശത്തെ തുടർന്നാണ് അറസ്റ്റ്. 2007-ൽ അറക്കുളം ഇന്റർമീഡിയറ്റ് ഭാഗത്ത് തുരുത്തിക്കരയിൽ ഷിബുവിന്റെ വീട്ടിൽനിന്നാണ് പതിനഞ്ചര പവൻ സ്വർണവും 1500 രൂപയും കവർന്നത്. നാലുപേരുൾപ്പെട്ട സംഘമായിരുന്നു കവർച്ച നടത്തിയത്. കേസിൽ പ്രതികളായ കാമാക്ഷിപുരം സ്വദേശികളായ യേശുദാസ്, വടിവേലു, പളനിവേലു എന്നിവർ 2007-ൽത്തന്നെ മറ്റൊരു മോഷണക്കേസിൽ തമിഴ്നാട് പോലീസിന്റെ പിടിയിലായിരുന്നു. ഇവരുടെ മൊഴിയിൽനിന്ന് ഷോളയപ്പനും മോഷണത്തിനുണ്ടായിരുന്നുവെന്ന വിവരം കിട്ടിയിരുന്നു. എന്നാൽ, കേസന്വേഷണം പലവിധ കാരണങ്ങളാൽ മുടങ്ങിപ്പോയി. ഒടുവിൽ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന കേസുകളുടെ കൂട്ടത്തിലേക്ക് ഈ കേസുമെത്തി.

എന്നാൽ, ഇത്തരം കേസുകൾ തെളിയിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചതോടെയാണ് ഒന്നരദശാബ്ദത്തിന് ശേഷം മോഷ്ടാവിനെ പിടികൂടിയത്. കാമാക്ഷിപുരം പോലീസിന്റെ സഹായത്തോടെയാണ് ഇരുവരും ചേർന്ന് ഷോളയപ്പനെ അറസ്റ്റുചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.