ബ്രിട്ടനിൽ രാജകുടുംബത്തി​ന്‍റെ കാവൽക്കാരായ അംഗരക്ഷകരുടെ ശമ്പളം എത്രയായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ​? റോയൽ ഗാർഡ് എന്നാണ് അവരെ വിളിക്കുന്നത്. കൂടുതലും പുരുഷൻമാരാണ് ഈ ജോലി ചെയ്യുന്നത്. ബ്രിട്ടീഷ് സൈന്യത്തിലെ അംഗങ്ങളെന്ന നിലയിൽ അവർക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നുണ്ട്. യൂനിഫോമിലെ റാങ്കിനെ അടിസ്ഥാനമാക്കി ശമ്പളത്തിൽ ഏറ്റക്കുറച്ചിലുണ്ടാകും. അതായത് ഉയർന്ന റാങ്കിലുള്ള ഗാർഡുകൾ കൂടുതൽ പണം സമ്പാദിക്കുന്നു.

ബ്രിട്ടീഷ് സൈന്യം യു.എസ് സൈന്യത്തിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. സൈനികരിൽ തന്നെയുള്ള പ്രത്യേക വിഭാഗത്തെയാണ് റോയൽ ഗാർഡുകളായി നിയമിക്കുന്നത്. ബ്രിട്ടീഷ് സൈന്യത്തിൽ ചേരുന്ന എല്ലാവരും റോയൽ ഗാർഡുകളാകില്ല. ഗാർഡുകൾ 48 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യണം.

ചിലപ്പോൾ ദീർഘനേരം നിൽക്കേണ്ടി വരും. സാധാരണയായി രണ്ടുമണിക്കൂർ എന്നാണ് കണക്ക്. എന്നാൽ, ചിലസമയത്ത് ഇത് ആറുമണിക്കൂർ വരെ നീളാം. പ്രത്യേക രീതിയിലുള്ള വസ്ത്രധാരണവും ഇവർക്കുണ്ട്. കടുത്ത ചൂടിൽ യൂനിഫോമണിഞ്ഞ് ദീർഘനേരം നിൽക്കുന്നതിനാൽ ഗാർഡുമാർക്ക് ബോധക്ഷയം വരാനുള്ള സാധ്യത കൂടുതലാണ്. കാവൽക്കാരായിരിക്കുമ്പോൾ അവർ ചിരിക്കാനോ, സംസാരിക്കാനോ പാടില്ല. അങ്ങനെ ചെയ്താൽ ആ ദിവസത്തെ ശമ്പളവും റദ്ദാക്കും. പിഴയും ചുമത്തും. 

ഇങ്ങനെയൊക്കെ കഠിനമായി ജോലി ചെയ്തിട്ടും അവർക്ക് അതിനനുസരിച്ചുള്ള ശമ്പളം ലഭിക്കുന്നുണ്ടോ​? ഒരു സാധാരണ ബ്രിട്ടീഷ് സൈനികൻ പ്രതിവർഷം ശരാശരി 21,228 ഡോളർ സമ്പാദിക്കുന്നു. അതായത് 17.21ലക്ഷം രൂപ. എന്നാൽ, ഒരു ബ്രിട്ടീഷ് ഓഫിസർക്ക് പ്രതിവർഷം 32,1818 ഡോളറാണ് ശമ്പളം (2.60 കോടി രൂപ).