കോട്ടയം: ചിങ്ങവനം പന്നിമറ്റത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. കടുത്തുരുത്തി മൂർത്തിക്കൽ ജെസ്വിനാണ് (28)മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന പാക്കിൽ പുത്തൻപറമ്പിൽ അജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.

പന്നിമറ്റം റെയിൽവേ ഓവർബ്രിഡ്ജിന് സമീപത്തു നിന്നും പരുത്തുംപാറ ഭാഗത്തേയ്ക്കു പോകുകയായിരുന്നു യുവാക്കൾ. ഈ സമയം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ ഇതുവഴി എത്തിയ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ പിതാവ് 13 വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു. തുടർന്ന് പിതാവിന്റെ ജോലി ലഭിച്ച  ജെസ്വിൻ നിലവിൽ ഇറിഗേഷൻ വകുപ്പിൽ ക്ലർക്കാണ്. പനച്ചിക്കാട് കുഴിമറ്റം കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം അനിലയാണ് മാതാവ്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.