വക്കം : കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ പ്രവാസികളുടെ ആസ്തി നിർണയമെന്ന പേരിൽ വ്യാജ സർവേ നടക്കുന്നതായി പരാതി. കുടുംബശ്രീയുടെ ജില്ലാ മിഷന്റെ പേരിലാണ് സർവേയെന്ന് പറയുന്നു. 5ാം വാർഡിൽ എത്തിയ സംഘം ഒരു പ്രവാസിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് സർവേ വ്യാജമെന്ന് കണ്ടെത്തിയത്.

സർവേ അംഗങ്ങൾ ചോദിച്ച കാര്യങ്ങളിൽ സംശയം തോന്നിയ പ്രവാസി വാർഡ് അംഗം യമുനയുമായി ബന്ധപ്പെട്ടപ്പോഴാണ് സർവേ വ്യാജമെന്ന് അറിയുന്നത്. ഇതിനിടയിൽ ഈ സംഘം നിരവധി വീടുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായി അറിയുന്നു. ഇത്തരക്കാർ എവിടെയെങ്കിലും സർവേയ്ക്ക് എത്തിയാൽ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലും, പൊലീസ് സ്റ്റേഷനിലും അറിയിക്കണമെന്നും ഇവർക്ക് യാതൊരു രേഖകളും കൈമാറരുതെന്നും യമുന അറിയിച്ചു.