ചാൾസ് മൂന്നാമൻ ബക്കിങ്ഹാം പാലസിലേക്ക് താമസം മാറുമ്പോൾ ക്ലാരെൻസ് ഹൗസ് എന്ന വസതിയിൽ ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്ന ജീവനക്കാരിൽ പലർക്കും ജോലി പോകും എന്നതാണ് അതിലൊരു വാർത്ത.വെയ്ൽസ് രാജകുമാരൻ എന്ന പദവിയിൽ കിരീടാവകാശി ആയിരുന്ന നീണ്ട കാലയളവ് ചാൾസിനൊപ്പം ജോലി ചെയ്തിരുന്നവർ ഞെട്ടലിലാണ്.

എലിസബത്ത് റാണിയുടെ പ്രാർത്ഥനാച്ചടങ്ങുകളിൽ ഒന്ന് എഡിൻബറോയിലെ സെന്റ് ഗൈൽസ് കത്തീഡ്രലിൽ നടന്ന സെപ്തംബർ 12ന് ആണ് ക്ലാരെൻസ് ഹൗസിലെ ജീവനക്കാരിൽ നല്ലൊരു പങ്കിനും പണി പോയേക്കും എന്ന നോട്ടീസ് കിട്ടിയത്. ഫിനാൻസ്, കമ്മ്യൂണിക്കേഷൻസ് തുടങ്ങി വിവിധ വിഭാഗം ജീവനക്കാർക്ക് ഇത് ബാധകമാണ്. ചാൾസ് രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി സർ ക്ലൈവ് ആൽഡെർട്ടൺ അറിയിച്ചിരിക്കുന്നത്, കർത്തവ്യ ബാഹുല്യത്തിലും രീതികളിലും വരുന്ന മാറ്റം ബക്കിങ്ഹാം പാലസിന്റെ സംവിധാനത്തിൽ നടപ്പാക്കും എന്നാണ്. അതുകൊണ്ട് ക്ലാരെൻസ് ഹൗസിൽ ജീവനക്കാരും ഓഫീസുകളും ആവശ്യമില്ലെന്നും.

പുതിയ വസതിയിൽ ചുമതലകൾ പ്രതീക്ഷിച്ചിരുന്ന ഏതാണ്ട് നൂറിലധികം ജീവനക്കാർക്ക് ആണ് ഇടിത്തീ പോലെ അറിയിപ്പ് വന്നിരിക്കുന്നത്. കണ്ണിൽച്ചോരയില്ലാത്ത ദയവില്ലാത്ത നടപടി എന്നാണ് പബ്ലിക് ആൻ‍ഡ് കമേഴ്സ്യൽ സർവീസസ് യൂണിയൻ അഥവാ പി സി എസ് എന്ന ട്രേഡ് യൂണിയൻ സംഘടന നടപടിയെ വിമർശിച്ചത്. രാജ്യം ദു:ഖം ആചരിക്കുന്ന വേളയിലെ കഠോര തീരുമാനം ഇത്തിരി കടുത്തു പോയി എന്നാണ് പി സി എസ് ജനറൽ സെക്രട്ടറി മാർക്ക് സെർവോട്ക നടപടിയെ കുറിച്ച് പറഞ്ഞത്.

ആശങ്കയിലാണ്ട ജീവനക്കാർക്ക് ഒപ്പമുണ്ടെന്നും അവരെ പിന്തുണക്കുമെന്നും മാർക്ക് സെർവോട്ക വ്യക്തമാക്കിയിട്ടുണ്ട്. പരമാവധി ആളുകളെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുമെന്ന് വാർത്ത വിവാദമായതിന് പിന്നാലെ ക്ലാരെൻസ് ഹൗസിൽ നിന്ന് വിശദീകരണമെത്തി. എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷമാകും ഔദ്യോഗിക നടപടികൾ തുടങ്ങുക എന്നാണ് സൂചന.