വിടപറഞ്ഞ ബ്രിട്ടിഷ് രാജ്ഞി എലിസബത്ത് എഴുതിയ ഒരു കത്താണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ താമസിക്കുന്നവർക്കായുള്ള കത്ത് എലിസബത്ത് 1986ലാണ് എഴുതിയത്. 99 വർഷങ്ങൾക്കും ശേഷം, 2085ൽ മാത്രമേ ഇതു തുറക്കാവൂ എന്ന കർശന നിർദേശവും വച്ചു. ഇപ്പോൾ ഇതു കഴിഞ്ഞ് 36 വർഷം പിന്നിട്ടിരിക്കുന്നു. സിഡ്നിയിലെ ചരിത്ര പ്രസിദ്ധമായ ഒരു കെട്ടിടത്തിൽ സുരക്ഷിതമായ കണ്ണാടിക്കൂട്ടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ് ഈ കത്ത്. എന്താണ് ഇതിൽ എഴുതിയിരിക്കുന്നതെന്ന് ആർക്കുമറിയില്ല, രാജ്ഞിയോട് അടുത്തു പ്രവർത്തിക്കുന്ന കീഴ്ജീവനക്കാർക്കു പോലും എന്താണ് കത്തിൽ എഴുതിയിരിക്കുന്നതെന്ന് അറിയില്ല.

സിഡ്നി നഗരത്തിൽ ഭാവിയിൽ വരാൻ പോകുന്ന മേയറെ അഭിസംബോധന ചെയ്തു കൊണ്ടാണു കത്തിനോടൊപ്പമുള്ള നിർദേശം. 2085ൽ അനുയോജ്യമായ ഏതെങ്കിലുമൊരു മാസം താങ്കൾ എനിക്കായി ഈ കത്ത്, സിഡ്നി നഗരവാസികളെ വായിച്ചു കേൾപ്പിക്കണമെന്ന് നിർദേശം പറയുന്നു. ഈ കത്തിന്റെ ഉള്ളടക്കം അറിയാവുന്നത് രാജ്ഞി എലിസബത്തിനു മാത്രമാണ്. എന്താണ് അതിൽ എഴുതിയിരിക്കുന്നതെന്ന് 2085ൽ മാത്രമേ അറിയാൻ സാധിക്കൂ.

ബ്രിട്ടന്റെ മുൻ കോളനിയായിരുന്ന ഓസ്ട്രേലിയ ഇന്നൊരു സ്വതന്ത്ര രാജ്യമാണ്. സുസജ്ജമായ ഒരു സർക്കാരും ഭരണ സംവിധാനങ്ങളും അവർക്കുണ്ട്. എങ്കിലും ബ്രിട്ടിഷ് രാജ്ഞി അല്ലെങ്കിൽ രാജാവിനെയാണ് തങ്ങളുടെ രാഷ്ട്രപതി സ്ഥാനത്ത് അവർ കണ്ടുപോന്നത്. 70 വർഷമായി ഈ സ്ഥാനം എലിസബത്ത് രാജ്ഞിക്കായിരുന്നു. ഓസ്ട്രേലിയയുടെ രാജ്ഞിയെന്നാണ് ഓസ്ട്രേലിയയിൽ ബഹുമാനപൂർവം അവർ അറിയപ്പെട്ടത്.കാനഡ‍, ന്യൂസീലൻഡ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളും ബ്രിട്ടിഷ് രാജ്യാധിപരെ തങ്ങളുടെ രാഷ്ട്രത്തിന്റെ പരമോന്നത നേതാവായി കാണുന്ന രാജ്യങ്ങളാണ്.

16 തവണ എലിസബത്ത് രാജ്ഞി ഓസ്ട്രേലിയ സന്ദർശിച്ചിട്ടുണ്ട്. രാജ്ഞിക്ക് ഏറെ ഇഷ്ടമുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. 1999ൽ ബ്രിട്ടിഷ് മഹാറാണിയെ തങ്ങളുടെ രാഷ്ട്രപതി സ്ഥാനത്തു നിന്നു മാറ്റണോയെന്ന് തീരുമാനിക്കാനായി ഓസ്ട്രേലിയയിൽ വോട്ടെടുപ്പ് നടന്നിരുന്നു. എന്നാൽ ഈ തീരുമാനത്തിനു പ്രതികൂലമായാണ് ഫലം വന്നത്. എലിസബത്ത് രാജ്ഞി അന്തരിച്ച് മകൻ ചാൾസ് സ്ഥാനമേറ്റതോടെ ഓസ്ട്രേലിയുടെ പുതിയ രാഷ്ട്രാധിപൻ ചാൾസ് രാജാവായിരിക്കും..