ക്ലാസിൽ വികൃതി കാണിക്കാത്ത കുഞ്ഞുങ്ങൾ കുറവായിരിക്കും. കുറുമ്പു കാട്ടുന്ന കുഞ്ഞുങ്ങളെ നേരെയിരുത്തുക എന്നത് അധ്യാപകരെ സംബന്ധിച്ച് വലിയ ‘ടാസ്ക്’ ആണ്. കണ്ണുരുട്ടിയും പേടിപ്പിച്ചും മാത്രമല്ല, മിഠായി കാണിച്ചും പാട്ടു പാടിയുമൊക്കെ കുട്ടികളെ നേരെയാക്കുന്ന അധ്യാപകരുണ്ട്. അങ്ങനെയൊരു ‘ക്യൂട്ട്’ വീഡിയോ വൈറലാവുകയാണ് സമൂഹ മാധ്യമങ്ങളിൽ.

ക്ലാസിൽ വികൃതി കാണിച്ചതിന് തന്നോട് മിണ്ടാതെ പിണങ്ങിയിരിക്കുന്ന അധ്യാപികയുടെ അടുത്ത് പോയി കെഞ്ചുകയാണ് ഒരു കുരുന്ന്. ഇനി താനൊരിക്കലും തെറ്റ് ആവർത്തിക്കില്ലെന്ന് ആണയിടുന്ന കുട്ടിയോട് ‘ നീ ചെയ്യില്ല ചെയ്യില്ല എന്ന് പറഞ്ഞ് തെറ്റ് വീണ്ടും ചെയ്യുകയാണ്, ഇനി ഞാൻ നിന്നോട് സംസാരിക്കില്ല’ എന്ന് പരിഭവിക്കുകയാണ് അധ്യാപിക. എന്നാൽ താനിനി ശരിക്കും ആവർത്തിക്കില്ലെന്ന് വീണ്ടും പറയുകയാണ് കുട്ടി. അധ്യാപികയുടെ പിണക്കവും കുട്ടിയുടെ സങ്കടവുമെല്ലാം വീഡിയോയിൽ കാണാം. അധ്യാപികയുടെ പിണക്കം മാറാൻ കവിളിൽ ഉമ്മ കൊടുക്കുന്ന കുരുന്നിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ.

മൂന്ന് ലക്ഷത്തിലധികം പേരാണ് ട്വിറ്ററിൽ ഇതുവരെ വീഡിയോ കണ്ടത്. എന്നാൽ ഇത് ആരാണെന്നോ ഏത് സ്കൂളാണെന്നോ വീഡിയോയിൽ വ്യക്തമല്ല. ഹൊ! എന്തൊരു ക്യൂട്ടാണ്, നമുക്കൊന്നും ചെറുപ്പത്തിൽ ഇതുപോലെ അധ്യാപികയെ കിട്ടിയില്ലല്ലോ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്