പാറ്റ്ന: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് പാർട്ടികൾ. മിഷൻ 2024 എന്ന പേരിൽ ബിജെപി പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രമന്ത്രിമാർ അടക്കമുള്ള ഉയർന്ന നേതാക്കൾക്കാണ് ബിജെപി ചുമതലകൊടുത്തിരിക്കുന്നത്. എഐസിസി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണെങ്കിലും രാഹുൽ ഗാന്ധിയുടെ നേത‍ൃത്വത്തിൽ ഭാരത് ജോഡോ യാത്രയും ആരംഭിച്ചിട്ടുണ്ട്. 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.

ബിജെപിയെ പരാജയപ്പെടുത്തുക എന്നത് പ്രതിപക്ഷ നേതാക്കളുടെ വ്യക്തിപരമായ ലക്ഷ്യമായി മാറണമെന്ന അഭിപ്രായവുമായി ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. പ്രതിപക്ഷത്ത് ഇപ്പോഴും ഏറ്റവും വലിയ പാർട്ടി കോണ്‍ഗ്രസ് ആണ്. സംബന്ധിച്ച് മറ്റുള്ളവർ പ്രായോഗികമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദും കാണുമെന്നും തേജസ്വി യാദവ് വ്യക്തമാക്കി. ബിഹാർ ഒരു തുടക്കമാണ്. ആ മാതൃക മറ്റിടങ്ങളിലേക്കും വ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായുള്ള ജെഡിയു സഖ്യം നിതീഷ് അവസാനിപ്പിക്കുകയും ബിഹാറിൽ പുതിയ സഖ്യസർക്കാർ രൂപീകരിക്കാൻ ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികളുമായി കൈകോർക്കുകയും ചെയ്തത് കഴിഞ്ഞ മാസമാണ്. ഈ ഒരു മാറ്റം പ്രതിപക്ഷ നൽകുന്നുണ്ടെന്നും വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി ഇത് അനുഭവപ്പെടുമെന്നും തേജസ്വി യാദവ് പറഞ്ഞു.

ജെഡിയു വിട്ടതോടെ ബിജെപിയുടെ ബിഹാറിലെ ശക്തി കുറഞ്ഞു. രാജസ്ഥാനിൽ കോൺഗ്രസിന് പൂജ്യം സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ഇനി അങ്ങിനെയായിരിക്കില്ല. നമ്മൾ കൈകോർക്കുകയും തന്ത്രവുമായി പോരാടുകയും ചെയ്താൽ, ബിജെപി തീർച്ചയായും വീഴുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.