ന്യൂഡല്‍ഹി: ലോ ഫ്‌ലോര്‍ ബസുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാരിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.എക്‌സ് സക്‌സേന. 1000 ബസുകളാണ് ഡല്‍ഹി സര്‍ക്കാര്‍ വാങ്ങുന്നത്. അരവിന്ദ് കെജരിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഗവര്‍ണറുടെ തീരുമാനം.

അതേസമയം, രാഷ്ട്രീയപ്രേരിതമായാണ് ഗവര്‍ണര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 1000 ബസുകള്‍ വാങ്ങിയതിലാണ് അന്വേഷണം നടക്കുക. കേസ് സിബിഐക്ക് കൈമാറാന്‍ ചീഫ് സെക്രട്ടി നരേഷ് കുമാര്‍ ശിപാര്‍ശ ചെയ്തിരുന്നു.

ബസുകള്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ച് ജൂണിലാണ് ലഫറ്റനന്റ് ഗവര്‍ണര്‍ക്കു പരാതി ലഭിച്ചത്. ഡല്‍ഹി ഗതാഗതമന്ത്രി ചെയര്‍മാനായ സമിതി ബസ് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. ജൂലൈയില്‍ ഗവര്‍ണര്‍ പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറി. ഓഗസ്റ്റിലാണ് ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബസ് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട്.