ന്യൂയോര്‍ക്ക്: പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാസു കൗണ്ടിയിലെ മലിനജലത്തിലാണ് വൈറസ് സാന്നിധ്യം വ്യാപകമായി കണ്ടത്. വൈറസ് വ്യാപനം തടയുന്നതിനും രോഗപ്രതിരോധത്തിനായി വാക്‌സിനേഷന്‍ പ്രക്രിയ സജീവമാക്കുന്നതിനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വാക്‌സിന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ശൃംഖലയിലേക്ക്, അടിയന്തര ആരോഗ്യ പ്രവര്‍ത്തകര്‍, മിഡ് വൈഫ്, ഫാര്‍മസിസ്റ്റുകള്‍ എന്നിവരെ കൂടി ഉപ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ കാത്തി ഹോചല്‍ ഉത്തരവിറക്കി. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പോളിയോ വാക്‌സിന് നിര്‍ദേശിക്കാമെന്നും ഉത്തരവിലുണ്ട്.

പോളിയോയുടെ കാര്യത്തില്‍ ഉരുണ്ടു കളിക്കാനാകില്ല. നിങ്ങളോ കുട്ടികളോ വാക്‌സിന്‍ എടുക്കാതിരിക്കുകയോ പ്രതിരോധ കുത്തിവയ്പുകളുടെ കാലക്രമം തെറ്റിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പക്ഷാഘാതം ഉറപ്പാണ്. അതിനാല്‍ അപകടം ക്ഷണിച്ചുവരുത്തരുതെന്ന് ന്യൂയോര്‍ക്കിലുള്ളവരോട് അഭ്യര്‍ഥിക്കുന്നുവെന്ന് ആരോഗ്യ വിഭാഗം കമ്മീഷണര്‍ മേരി ബാസെറ്റ് പറഞ്ഞു.

വാക്‌സിനേഷന്‍ കൃത്യമായി പൂര്‍ത്തിയാക്കിയവര്‍, അണുബാധയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തേണ്ടി വന്നാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതാണ്.

റോക്ക് ലാന്‍ഡ്, ഓറഞ്ച്, സുള്ളിവന്‍, നാസു കൗണ്ടികളിലുള്ളവരും ന്യൂയോര്‍ക്ക് സിറ്റിയിലുള്ളവരും ആരോഗ്യ പ്രവര്‍ത്തകരും ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണന്നെ് ആരോഗ്യ വകുപ്പ് അറിയിച്ചു. മലിനജലവുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നവരും ബൂസ്റ്റര്‍ഡോസ് എടുക്കണം.