കാസർഗോഡ്: മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് നൗഷാദിനെ നാട്ടുകാർ പിടികൂടി. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. കാഞ്ഞങ്ങാട്ടെ പടിഞ്ഞാറ് ഇട്ടമ്മൽ ബദർ മസ്ജിദിന് സമീപം താമസിക്കുന്ന ജലാൽ മൊയ്തീന്റെ വീട്ടിലാണ് മോഷ്ടാവ് കയറിയത്. ഇന്നലെ പുലർച്ചെ 3.30 നായിരുന്നു സംഭവം.

മൊയ്തീന്റെ മകളുടെ കാലിലെ പാദസരം ഊരിയെടുക്കുന്നതിനിടെ കുട്ടി ബഹളം വെച്ചതോടെയാണ് വീട്ടുകാർ ഉണരുന്നത്. ഇതോടെ വീടിന് പുറത്തേക്ക് ഓടിയ നൗഷാദിൻ‌റെ പിന്നാലെ മൊയ്തീനും മക്കളും ഓടി. ഒരു കിലോമീറ്റർ ദൂരം പിന്നാലെയോടിയാണ് കള്ളനെ പിടികൂടിയത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയാണ് ഏഴുവൻഞ്ചിറ ചക്കിങ്ങൽത്തൊടി നൗഷാദ്. പാലക്കാട് ജില്ലയിൽ ഒട്ടേറെ മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണ് ഇയാളെ പൊലീസിന് കൈമാറിയത്. പ്രതി ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

നൗഷാദ് ധരിച്ചിരുന്ന ഗ്ലൗസിൽ നിന്ന് അഞ്ച് പവന്റെ പാദസരം കണ്ടെടുത്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ മോഷണത്തിനാവശ്യമായ കമ്പിപ്പാര, ഉളി മുതലായ ആയുധങ്ങളും ഉണ്ടായിരുന്നു. പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. പ്രതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

മോഷണ സ്ഥലത്ത് വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് ധരിച്ചാണ് നൗഷാദ് മോഷണം നടത്തുക. മാത്രമല്ല, പകൽ സമയങ്ങളിൽ പ്രദേശത്ത് ചുറ്റി നടന്ന് വീടുകൾ കണ്ടെത്തി രാത്രിയാണ് മോഷണം. തലയിൽ വിഗ് വെച്ചാണ് പകൽ സമയത്ത് ഇറങ്ങുക. രാത്രി മോഷണത്തിന് എത്തുമ്പോൾ വിഗ് ഊരിമാറ്റും. അതുകൊണ്ടുതന്നെ ആളെ മനസ്സിലാക്കാൻ സാധിക്കില്ല. മാത്രമല്ല, മോഷണത്തിന് ശേഷം ട്രെയിനിൽ കയറി പാലക്കാട്ടേക്ക് വിടും. മൊബൈൽ ഫോണും ഇയാൾ ഉപയോഗിക്കാറില്ല. പാലക്കാട് ജില്ലയിൽ ഇയാൾക്ക് ഒന്നരക്കോടി വില വരുന്ന രണ്ട് വീടുകളുണ്ടെന്നാണ് വിവരം.