പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരില്‍ തന്നെ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച ബസ് യുവതി തടഞ്ഞുനിറുത്തി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ‘രാജപ്രഭ’ എന്ന ബസാണ് യുവതി തടഞ്ഞത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി തന്റെ പ്രതിഷേധം അറിയിച്ചത്.

ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന സാന്ദ്ര തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അമിതവേഗത്തില്‍ പാഞ്ഞ സ്വകാര്യബസിനെ ഒന്നരകിലോമീറ്ററോളം പിന്തുടര്‍ന്നാണ് യുവതി തടഞ്ഞുനിര്‍ത്തിയത്. ബസ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോഴാണ് യുവതി സ്‌കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

തനിക്ക് മുന്‍പ് രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് പ്രതികരിച്ചതെന്നും സാന്ദ്ര പറഞ്ഞു. വണ്ടി തടഞ്ഞുനിര്‍ത്തി സംസാരിച്ചപ്പോള്‍ ബസ് ഡ്രൈവര്‍ ചെവിയില്‍ ഹെഡ്ഫോണ്‍ തിരുകിവച്ചിരിക്കുകയായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു.

അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പാലക്കാട് ആര്‍ടിഒ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ പട്ടാമ്പി ജോയിന്റ് ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ബസ് ജീവനക്കാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടതായും ആര്‍ടിഒ അറിയിച്ചു. ബസ് ജീവനക്കാരുടെ വിശദീകരണം കിട്ടിയ ശേഷമാകും തുടര്‍നടപടി. ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയുമായി മുന്നോട്ടു പോകാനാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ തീരുമാനം.