ജയ്പൂർ: മണപ്പുറം ഫിനാൻസിന്റെ രാജസ്‌ഥാനിലെ ഉദയ്പൂർ ശാഖ കൊള്ളയടിച്ചു. 24 കിലോ സ്വർണ്ണവും 10 ലക്ഷം രൂപയും കവർന്നു. തോക്കുകളുമായി എത്തിയ അഞ്ച് പേർ ജീവനക്കാരെ ഭീഷണിപ്പെടുത്തി നിർത്തിയ ശേഷം കവർച്ച നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊള്ളയടിച്ച സ്വർണവുമായി അക്രമികൾ ബൈക്കുകളിൽ ആണ് രക്ഷപ്പെട്ടത്.  സംഭവത്തിന് പിന്നിൽ പ്രൊഫഷണലുകളാണെന്നും. കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.  

മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഉദയ്പൂരിലെ ശാഖയിൽ തിങ്കളാഴ്ച രാവിലെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്കുചൂണ്ടി ജീവനക്കാരെ ബന്ദികളാക്കിയത്.  ശേഷം 12 കോടിയിലധികം രൂപ വിലമതിക്കുന്ന 24 കിലോ സ്വർണവും 10 ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. ആകെ അഞ്ച് കവർച്ചക്കാരായിരുന്നു അവർ. ആദ്യം അവരിലൊരാൾ ശാഖയിലേക്ക് പെട്ടെന്ന് കയറി വന്നു, പിന്നാലെ മറ്റുള്ളവരും. എല്ലാവരുടെയും പക്കൽ തോക്കുകൾ ഉണ്ടായിരുന്നു. അവർ മാനേജർ ഉൾപ്പെടെ ബ്രാഞ്ചിലെ എല്ലാ ജീവനക്കാരെയും ടാപ്പ് ഉപയോഗിച്ച് കെട്ടിയിട്ടു. തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി. ലോക്കറിന്റെ  താക്കോലുള്ള ആളെ സേഫിലേക്ക് കൊണ്ടുപോയി. 

പിന്നാലെ കവർച്ചക്കാർ  സ്വർണവും പണവും അടങ്ങുന്ന സേഫിൽ നിന്ന് എല്ലാ വലിച്ച് പുറത്തിട്ടു. എല്ലാം അവർ കാലിയാക്കിയാണ് മടങ്ങിയത്. ശാഖയിൽ പലിശ അടയ്ക്കാനെത്തിയ ഉപഭോക്താവിനെയും ഇവർ കെട്ടിയിട്ടു. തോക്കിന് മുനയിൽ ബന്ദികളാക്കിയതിനാൽ ബാങ്ക് ജീവനക്കാർക്ക് മറ്റുള്ളവരെ അറിയിക്കാനോ അലാറം മുഴക്കാനോ കഴിഞ്ഞില്ലെന്നുമാണ് മണപ്പുറം ഫിനാൻസിലെ ഓഡിറ്റർ സന്ദീപ് യാദവ് വിശദീകരിച്ചത്. സംഭവത്തിന് ശേഷം അന്വേഷണം ഊർജിതമാക്കിയതായും വ്യക്തമായ പദ്ധതിയുമായി നടത്തിയ കവർച്ചയ്ക്ക് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.