ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും പ്രവൃത്തിയും തമ്മില്‍ ഒരിക്കലും യോജിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു.

”രാജ്യത്തിന് ഖാദി, എന്നാല്‍ ദേശീയ പതാകയ്ക്ക് ചൈനീസ് പോളിസ്റ്ററും! എല്ലായ്പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല”-എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ദേശീയ പതാക കൈകൊണ്ട് നൂല്‍ക്കുന്നതോ കൈകൊണ്ട് നെയ്തതോ യന്ത്രത്തില്‍ നിര്‍മിച്ചതോ കോട്ടണ്‍/ പോളിസ്റ്റര്‍/ കമ്പിളി/ സില്‍ക്ക് ഖാദി എന്നിവയില്‍ ഉള്ളതോ ആയിരിക്കണമെന്ന് പറഞ്ഞ് ദേശീയ പതാക കോഡ് ഭേദഗതി ചെയ്തതിന് കേന്ദ്രസര്‍ക്കാരിനെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചു. നേരത്തേ യന്ത്രത്തില്‍ നിര്‍മിച്ചയോ പോളിസ്റ്ററില്‍ രൂപകല്‍പന ചെയ്തതോ ആയ പതാകകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല.

ഒരു കാലത്ത് ആത്മാഭിമാനത്തിന്റെ പ്രതീകമായിരുന്ന ഖാദിയെയും സ്വദേശി വസ്ത്രങ്ങളെയും സ്വാതന്ത്ര്യത്തിന് ശേഷം തരംതാഴ്ന്ന ഉല്‍പ്പന്നമായാണ് കണക്കാക്കുന്നതെന്നും അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് നടന്ന ‘ഖാദി ഉത്സവ’ത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞിരുന്നു. വരുന്ന ഉത്സവ സീസണില്‍ ഖാദി ഉല്‍പന്നങ്ങള്‍ മാത്രം സമ്മാനമായി നല്‍കണമെന്നും മോദി അഭ്യര്‍ഥിക്കുകയുണ്ടായി.