ന്ത്യയുടെ ആശങ്കകൾ അവഗണിച്ച് ചൈനീസ് ചാര കപ്പൽ ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ടു. ശ്രീലങ്കൻ കടലിലായിരിക്കുമ്പോൾ ഗവേഷണം നടത്തില്ലെന്ന വ്യവസ്ഥയിലാണ് യുവാൻ വാങ് 5 ന് തീരത്ത് അടുക്കാന്‍ അനുമതി നല്‍കിയതെന്ന് ഹമ്പന്‍തോട്ട തുറമുഖ ഉദ്യോഗസ്ഥർ അറിയിച്ചു. യുവാൻ വാങ് 5 നെ ചൈന ചാരപ്രവര്‍ത്തിക്കായി ഉപയോഗിക്കുന്നുവെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. എന്നാല്‍, ഇത് ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാദം. ഈ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കരുതെന്നും ശ്രീലങ്കയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയുടെ ആവശ്യം തള്ളിയാണ് ഇപ്പോള്‍ യുവാൻ വാങ് 5 ന് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കിയത്. 

ഈ മാസം 22 വരെ കപ്പലിന്  ഹമ്പന്‍തോട്ട തുറമുഖത്ത് തുടരാൻ അനുമതി നൽകിയെന്നാണ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. യുവാൻ വാങ് 5 നെ ചൈനയുടെ ഏറ്റവും പുതിയ തലമുറയിലെ ബഹിരാകാശ ട്രാക്കിംഗ് കപ്പലുകളിലൊന്നായി വിദേശ സുരക്ഷാ വിശകലന വിദഗ്ധർ വിശേഷിപ്പിക്കുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 750 കിലോമീറ്റര്‍ പരിധിയിലെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ യുവാൻ വാങ് 5 ന് കഴിയും. 

അതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടക്കം യുവാന്‍ വാങ് 5 ലക്ഷ്യമിടുന്നുവെന്നാണ് ഇന്ത്യ ആരോപിച്ചത്. ഉപഗ്രഹം, റോക്കറ്റ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ എന്നിവ നിരീക്ഷിക്കാൻ ഈ കപ്പലിന് കഴിയും. ഷിപ്പിംഗ് അനലിറ്റിക്‌സ് വെബ്‌സൈറ്റുകൾ ഈ കപ്പലിനെ റിസർച്ച് ആൻഡ് സർവേ വെസൽ എന്ന് വിളിക്കുന്നു. എന്നാല്‍ ഈ കപ്പല്‍ ചൈനയുടെ “ഇരട്ട ഉപയോഗ ചാരക്കപ്പൽ” എന്ന  വിശേഷണവും പേറുന്നുണ്ട്.