മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ആയ കപില്‍ ദേവിന്‍റെ ചീത്ത കേട്ട് അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അനില്‍ കുംബ്ലെ കരഞ്ഞുവെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകനായ ബിഷന്‍ സിംഗ് ബേദി. 1990ല്‍ ഇംഗ്ലണ്ടിനെതരായ ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിലായിരുന്നു കപില്‍ പരസ്യമായി കുംബ്ലെയെ ചീത്ത പറഞ്ഞതെന്നും ബേദി പറഞ്ഞു.

കുംബ്ലെയെ ടെസ്റ്റ് ടീമിലെടുക്കുന്നതില്‍ ആദ്യം ശക്തമായ എതിര്‍പ്പായിരുന്നു. കാരണം, ഉയരം കൂടിയ സ്പിന്നറാണെന്നതും പന്ത് കാര്യമായി തിരിക്കാന്‍ അറിയില്ലെന്നതും കുംബ്ലെക്ക് എതിരായി. എങ്കിലും കരിയറിന്‍റെ തുടക്കത്തിലെ ശരാശരി പ്രകടനങ്ങള്‍ക്ക് ശേഷം കുംബ്ലൈ ഇന്ത്യ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറായി മാറിയെന്നത് ചരിത്രം.

1990ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ടെസ്റ്റിലായിരുന്നു കുംബ്ലെയെ കപില്‍ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചത്. ചായക്ക് തൊട്ടു മുമ്പ് കപില്‍ കുംബ്ലെയെ ഡീപ് ഫൈന്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യാന്‍ വിട്ടു. അതിനുശേഷം അലന്‍ ലാംബിനെതിരെ ബൗണ്‍സര്‍ എറിഞ്ഞു. ആ പന്തില്‍ ലാംബ് നല്‍കിയ അനായാസ ക്യാച്ച് കുംബ്ലെ കൈവിട്ടു.

കുംബ്ലെയുടെ അരങ്ങേറ്റ ടെസ്റ്റായിരുന്നു അത്. ഞാനായിരുന്നു അന്ന് ടീം മാനേജര്‍. ക്യാച്ച് കൈവിട്ടതിന് ഗ്രൗണ്ടില്‍ വെച്ചു തന്നെ കപില്‍ കുംബ്ലെയെ ചീത്ത പറഞ്ഞു. ആ സമയം കപില്‍ നൂറോളം ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടായിരുന്നു എന്നാമ് എന്‍റെ ഓര്‍മ. ചായക്കായി ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഞാന്‍ കാണുന്നത് കുംബ്ലെ കരയുന്നതാണ്. ആ സമയം അദ്ദേഹം കരഞ്ഞത് നന്നായി. അതിലൂടെ അദ്ദേഹത്തിന്‍റെ സങ്കടങ്ങളെല്ലാം ഒഴുകി പോയി കാണണം. എങ്കിലും ആ സമയം കുംബ്ലെക്ക് ശരിക്കും വേദനിച്ചിട്ടുണ്ടാകാമെന്നും ബേദി പറഞ്ഞു.

രണ്ട് വര്‍ഷത്തിനകം കുംബ്ലെ ഇന്ത്യന്‍ ടീമില്‍ സാന്നിധ്യമുറപ്പിച്ചു. ആദ്യ കാലത്ത് മോശം മനോഭാവത്തിന്‍റെ പേരില്‍ പഴി കേട്ട ഇതേ കുംബ്ലെ പത്തു വര്‍ഷത്തിനുശേഷം പൊട്ടിയ താടിയെല്ലിന് ബാഡേന്‍ഡേജിട്ട് പന്തെറിയാനെത്തി ബ്രായാന്‍ ലാറയെ പുറത്താക്കി ചരിത്രം സൃഷ്ടിച്ചു. 2008ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ ഏകദിനത്തിലും ടെസ്റ്റിലുമായി 965 വിക്കറ്റുകള്‍ കുംബ്ലെ നേടിയിരുന്നു.