കെ ടി ജലീലിനെക്കൊണ്ട് സി പി എം നേതൃത്വം ഇടപെട്ട് വിവാദ പോസ്റ്റ് പിന്‍വലിപ്പിച്ചത് ദേശീയ തലത്തിലുണ്ടാകാവുന്ന തിരിച്ചടി മുന്‍ കൂട്ടിക്കണ്ട്. ദേശീയ തലത്തില്‍ ഈ സംഭവം ബി ജെ പി വലിയ വിവാദമാക്കുമെന്ന് മനസിലായപ്പോഴാണ് സി പി എം നേതൃത്വം അടിയന്തിരമായി ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിച്ചത്. കേരളത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ജലീലിനെതിരെ രംഗത്ത് വന്നതും സി പി എം നേതൃത്വത്തിന് തലവേദനയായി.

അടിക്കടി ജലീല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയുണ്ടാക്കുന്നു എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് മന്ത്രിമാരായ എം വി ഗോവിന്ദനും പി രാജീവും ജലീലിന്റെ നടപടിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.

പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെയാണ് ജലീല്‍ അറിയിച്ചത്. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതായി അറിയിക്കുന്നുവെന്നാണ് കെ ടി ജലീലിന്റെ വിശദീകരണം.

ഇന്‍വെര്‍ട്ടഡ് കോമയില്‍ നടത്തിയ പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്ന് രാവിലെ വിവാദത്തോട് പ്രതികരിച്ച കെ ടി ജലീല്‍ വൈകുന്നേരത്തോടെ നിലപാട് മാറ്റി. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയക്കായി അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കി 1947 ല്‍ പൂര്‍ണ്ണമായി ഇന്ത്യയോട് ലയിച്ചു എന്ന് തിരുത്തിയിട്ടുമുണ്ട്.

അതേസമയം ദില്ലി തിലക് മാര്‍ഗ് പൊലിസ് സ്റ്റേഷിനില്‍ ബിജെപി അനുകൂലിയായ അഭിഭാഷകന്‍ ജലീലിനെതിരെ പരാതി നല്‍കി. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം.