ദില്ലിയിൽ കൂടുതൽ വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ദില്ലിയിൽ പ്രചരിക്കുന്ന ഒമിക്രോണിന്റെ പുതിയ വകഭേദം ഈ വർഷം ജനുവരിയിൽ ഉയർന്നുവന്ന മറ്റ് വകഭേദമൃങ്ങളെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണെന്നും അതോടൊപ്പം നിലവിൽ ലഭ്യമായ വാക്‌സിനുകളുടെ ഫലപ്രാപ്തി 20 മുതൽ 30 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ചെയർമാൻ ഡോ. എൻകെ അറോറ പറഞ്ഞു. 

ദില്ലിയിൽ നിലവിൽ കൊവിഡ് കേസുകൾ വർധിച്ചുവരികയാണ് അവിടെ പോസിറ്റീവ് നിരക്ക് 18 ശതമാനത്തിനടുത്താണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ നിന്ന് ശേഖരിച്ച ഭൂരിഭാഗം സാമ്പിളുകളിലും ഒമിക്രോൺ ഉപ വകഭേദമാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയിൽ ആശുപത്രിവാസ നിരക്ക് വളരെ കുറവാണെന്ന് ഞങ്ങൾക്കറിയാം. ടെസ്റ്റുകളുടെ എണ്ണം അനുസരിച്ച് പോസിറ്റിവിറ്റി നിരക്ക് വ്യത്യാസപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 മാസ്‌കുകളുടെ ഉപയോഗം ഉൾപ്പെടെയുള്ള കൊവിഡ് സുരക്ഷാ നടപടികൾ തിരികെ കൊണ്ടുവരുകയാണ് അടിയന്തരമായി വേണ്ടതെന്നും ഡോ. എൻകെ പറഞ്ഞു.

ഒമിക്രോൺ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ സാമ്പിളുകൾ ജനോം സ്വീകൻസിങിനായി അയച്ചിട്ടുണ്ട്. ഈയാഴ്ച ഫലം വരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 90 സാമ്പിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. തീവ്രവ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദ​​ഗ്ധർ പറയുന്നു. 

ഒമിക്രോൺ ബി5, ബി2 എന്നിവയുടെ ഉപവിഭാഗങ്ങൾ പോലെ അടിസ്ഥാന ഒമിക്രോൺ വേരിയന്റിനേക്കാൾ 20 മുതൽ 30 ശതമാനം വരെ കൂടുതൽ പകർച്ചവ്യാധികൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത് പിന്നാലെ ദില്ലിയിൽ നിയന്ത്രണം ശക്തമാക്കുകയാണ്. ആദ്യ പടിയായി ദില്ലിയിൽ മാസ്ക് ധരിക്കുന്നത് വീണ്ടും കർശനമാക്കി.

പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ദില്ലി സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു. അടച്ചിട്ട സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.