തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ (Swapna Suresh) പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ തുടരന്വേഷണ സാധ്യത കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) കസ്റ്റംസും (Customs) പരിശോധിക്കുന്നു. കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പിന് അപേക്ഷ നൽകാനുള്ള നിയമോപദേശം അന്വേഷണ സംഘത്തിന് ലഭിച്ചു.

സ്വർണക്കടത്ത് കേസിന്റെ അന്വേഷണ ഘട്ടത്തിൽ കസ്റ്റംസിനും ഇഡിക്കും നൽകിയ മൊഴികളെക്കാൾ കൂടുതൽ വിവരങ്ങൾ മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴിയിലുണ്ടോയെന്ന് കണ്ടെത്താനാണ് കേന്ദ്ര ഏജൻസികൾ തയാറെടുക്കുന്നത്. തുടരന്വേഷണ സാധ്യതയെക്കുറിച്ചും കസ്റ്റംസും ഇഡിയും നിയമോപദേശം തേടിയതായാണ് വിവരം.

മജിസ്ട്രേട്ട് മുൻപാകെ ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം നൽകുന്ന രഹസ്യമൊഴിക്കു തുല്യമായ തെളിവുമൂല്യം കേന്ദ്ര അന്വേഷണ ഏജൻസികളായ കസ്റ്റംസിനും ഇഡിക്കും നൽകുന്ന മൊഴിക്കുമുണ്ട്. സ്വപ്ന ഇഡിക്കും കസ്റ്റംസിനും നൽകിയ മൊഴികൾ പരിശോധിച്ച ശേഷമാണ് സ്വർണക്കടത്തു കേസിൽ കസ്റ്റംസും കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ ഇഡിയും കുറ്റപത്രം സമർപ്പിച്ചത്. അന്ന് പറയാത്ത കാര്യങ്ങൾ മജിസ്ട്രേട്ട് മുൻപാകെ ഇപ്പോൾ പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂ. മൊഴികളിൽ തുടരന്വേഷണത്തിന് വഴിതുറക്കാൻ കഴിയുന്ന വിവരങ്ങളും തെളിവുകളുമുണ്ടെങ്കിൽ അനുബന്ധ കുറ്റപത്രം നൽകാം.

കുറ്റകൃത്യങ്ങളിൽ മുഖ്യമന്ത്രി, കുടുംബാംഗങ്ങൾ, നളിനി നെറ്റോ എന്നിവർക്കും പങ്കുണ്ടെന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ‌് സ്വപ്ന നടത്തിയത്. മുൻമന്ത്രി കെ‌ ടി ജലീൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, സെക്രട്ടറി സി എം രവീന്ദ്രൻ എന്നിവരുടെ മൊഴികൾ അന്വേഷണ സംഘങ്ങൾ മുൻപ് രേഖപ്പെടുത്തിയിരുന്നു.

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചാൽ മാത്രമേ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും മറ്റും മൊഴികൾ രേഖപ്പെടുത്തേണ്ടതുള്ളൂ. കേന്ദ്ര ഏജൻസികൾ മുൻപാകെ പലപ്പോഴായി വെളിപ്പെടുത്തിയ കാര്യങ്ങളിൽ വേണ്ടവിധം അന്വേഷണം നടത്തിയില്ലെന്ന ആരോപണത്തോടെയാണ് സ്വപ്ന മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി നൽകിയത്.