കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ അസാധരണ സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയതിനെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആള്‍ക്ക് എന്തിനാണ് ഇത്ര പേടിയെന്ന് വി മുരളീധരന്‍ ചോദിച്ചു. ഒന്നും ഒളിക്കാനില്ലെങ്കില്‍ എന്തിനാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തടസ്സപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം കോട്ടയത്തെ നിയന്ത്രണങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ലോകമഹായുദ്ധമെന്ന പ്രതീതിയാണ് പൊലീസ് സൃഷ്ടിക്കുന്നതെന്ന് കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.കോട്ടയത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രീതിയിലുള്ള സുരക്ഷാ ക്രമീകരണമാണെന്നു മുന്‍ മന്ത്രി കെ.സി.ജോസഫ് വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി കര്‍ശനനിയന്ത്രണമാണ് കോട്ടയം നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കോട്ടയം നഗരത്തിലെ പ്രധാന റോഡുകളായ ബസേലിയോസ് ജംഗ്ഷന്‍, കളക്ടറേറ്റ് ജംഗ്ഷന്‍, ചന്തക്ക കവല, ഈരയില്‍ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാനകവലകളും പൊലീസ് അടച്ചിട്ടിരിക്കുകയായിരുന്നു.

കോട്ടയത്തു മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ പ്രവേശിക്കുന്നതിനു കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്.