ലഡാക്കിൽ രണ്ടു വർഷം മുന്നേ പ്രത്യക്ഷ സംഘർഷം ആരംഭിച്ച ചൈന എത്ര ചർച്ചകൾ നടന്നാലും അതിർത്തി വിട്ടുമാറില്ലെന്ന വസ്തുത തുറന്നുകാട്ടി ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. ഇരുരാജ്യങ്ങളും കൃത്യമായ ഇടവേളകളിൽ ഉന്നത തല ചർച്ചകൾ കമാന്റർ തലത്തിലും വിദേശകാര്യ തലത്തിലും നടത്തുന്നുണ്ട്. എല്ലാ വിശദ വിവരങ്ങളും കൈമാറുന്നുമുണ്ട്. എന്നാൽ ആത്യന്തികമായി നമ്മുടെ അതിർത്തി മേഖല കളിൽ നിന്നും ചൈന പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. ചൈന ഒരിക്കലും സ്വയം നടപ്പാക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ് ഇന്ത്യ അതിർത്തിയിൽ നിന്നുള്ള പൂർണ്ണമായ പിന്മാറ്റമെന്നാണ് മനോജ് പാണ്ഡെ തുറന്നടിച്ചത്. കരസേനാ മേധാവിയായി ചുമതലയേറ്റ ശേഷം ചൈനാ വിഷയത്തിൽ ആദ്യമായാണ് വിശദമായ ഒരു വിലയിരുത്തൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൂടിയായ പാണ്ഡെ നൽകുന്നത്. ‘ചൈനയുടെ കാര്യത്തിൽ എന്നും അടിസ്ഥാന വിഷയം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. അത് ഇന്ത്യയുടെ വിവിധ അതിർത്തികളിലേയ്‌ക്ക് ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളാണ്. ഇരുരാജ്യങ്ങളും 3488 കിലോമീറ്റർ അതിർത്തി മേഖലകളിൽ മുഖാമുഖം നിൽക്കുകയാണ്. ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സാധിക്കില്ല. കാരണം ഇത് നമ്മുടെ മണ്ണിന്റെ സംരക്ഷണ പ്രശ്‌നമാണ്. യഥാർത്ഥ നിയന്ത്രണ രേഖ എന്നത് ഏറെ നിർണ്ണായകമായ അതിർത്തിയാണ്.’ പാണ്ഡെ പറഞ്ഞു.

ലഡാക് വിഷയത്തിലെ 15 തവണ നടന്നു കഴിഞ്ഞ കമാന്റർ തല ചർച്ചകൾ ഇതുവരെ ഫലപ്രദമാണ്. വിവിധ പ്രമേയങ്ങൾ നിർണ്ണായക വിഷയങ്ങളിൽ എടുത്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഘട്ടംഘട്ടമായി എടുക്കുന്നുമുണ്ട്. പല മേഖലകളിലെ വിഷയങ്ങളിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടുമുണ്ട്. എന്നാൽ ഹോട്ട് സ്പ്രിംഗ്, ദെസ്പാംഗ് താഴ്വര, ഡേംചുക് എന്നീ മൂന്ന് സ്ഥലങ്ങളുടെ കാര്യത്തിൽ പിന്മാറ്റ കാര്യത്തിലെ വിഷയങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പാണ്ഡെ പറഞ്ഞു.