ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി കൊരടാല ശിവ ഒരുക്കിയ ചിത്രമാണ് ‘ആചാര്യ’. ചിരഞ്ജീവിയും മകന്‍ രാം ചരണും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പൂജ ഹെഗ്‌ഡെയാണ് നായികയായെത്തിയത്. സോനു സൂദ്, ജിഷു സെന്‍ഗുപ്‍ത, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. ഏപ്രില്‍ 29ന് റിലീസ് ചെയ്ത സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോളിതാ, സിനിമ വരുത്തിയ നഷ്ടം നികത്താനായി ചിരഞ്ജീവിയോട് സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് വിതരണക്കാരന്‍. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ വിതരണക്കാരനായ രാജഗോപാല്‍ ബജാജാണ് സഹായാഭ്യര്‍ത്ഥനയുമായെത്തിയത്. കത്ത് മുഖാന്തരമാണ് രാജഗോപാല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സിനിമ പ്രതീക്ഷിച്ച രീതിയില്‍ കളക്ഷന്‍ നേടിയില്ലെന്നും തനിക്ക് വലിയ തോതില്‍ നഷ്ടമുണ്ടായെന്നും അദ്ദേഹം കത്തില്‍ പറയുന്നു. മുടക്ക് മുതലിന്റെ 25 ശതമാനം മാത്രമാണ് തങ്ങള്‍ക്ക് തിരിച്ചുപിടിക്കാന്‍ സാധിച്ചതെന്നും ഇപ്പോള്‍ വലിയ തോതില്‍ ബാധ്യതകളുണ്ടെന്നും കത്തിലുണ്ട്. സിനിമ മൂലം ബാധ്യതകളുണ്ടായ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും രാജഗോപാല്‍ ബജാജ് അഭ്യര്‍ത്ഥിക്കുന്നു.