നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി ലൈം​ഗിക പീഡന പരാതി നല്‍കിയ സാഹചര്യത്തില്‍ താരസംഘടനയായ ‘അമ്മ’ സ്വീകരിച്ച നിലപാടുകള്‍ ഏറെ വിവാദമായിരുന്നു.

ഇതേ തുടര്‍ന്ന് ‘അമ്മ’യുടെ ആഭ്യന്തര പരാതി സെല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും നടി ശ്വേത മേനോന്‍ രാജി വച്ചിരുന്നു. ഇപ്പോളിതാ, തന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയാണ് ശ്വേത. താന്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമച്ചുവെന്നും, ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ ഇടമുള്ള ഒരു സംഘടനയാണ് ‘അമ്മ’യെന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും അത് അങ്ങനെ തന്നെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും ശ്വേത വ്യക്തമാക്കി. തന്റെ രാജി തീര്‍ത്തും ആഭ്യന്തരമായ വിഷയമാണെന്നും അതില്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കരുതെന്നും അവര്‍ കുറിച്ചു.

‘തന്നെ കുറിച്ച്‌ മാത്രമല്ല വ്യാജ വാര്‍ത്തകള്‍ നല്‍കിയത്, സംഘടനയെ പറ്റിയും മോഹന്‍ലാലിനെ പറ്റിയും താന്‍ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തി എന്ന തരത്തിലും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു എന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സന്തോഷം എനിക്ക് ഇല്ലാത്തതിനാല്‍ ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ ഇടമുള്ള ഒരു സംഘടനയാണ് ‘അമ്മ’, ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും അത് അങ്ങനെ തന്നെ നിലനിര്‍ത്താനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.

ഐസിസിയില്‍ നിന്നും രാജിവെച്ച്‌ ഞാന്‍ എഴുതിയ കത്ത് പബ്ലിക് ഡൊമെയ്നില്‍ ഇല്ല, അത് ‘അമ്മ’ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ മാത്രമാണ് ഉള്ളത്. പൊതു താല്‍പ്പര്യമുള്ള കാര്യങ്ങളില്‍ പരസ്യമായി നിലപാട് അറിയിക്കാന്‍ ഞാന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല. എന്നാല്‍, ഐസിസിയില്‍ നിന്നുള്ള എന്റെ രാജി തികച്ചും ഒരു ‘ആഭ്യന്തര കാര്യം’ ആണ്, പൊതു താല്‍പ്പര്യമുള്ളതല്ല, അതിനാല്‍ ദയവായി തെറ്റായ വ്യാഖ്യാനങ്ങള്‍ ചേര്‍ക്കരുത്’, ശ്വേത മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.