സ്‌കൂൾ പഠനകാലത്തിന് ശേഷമുള്ള പഠനം മിക്കവർക്കും പൂവണിയാൻ പോകുന്ന സ്വപ്നങ്ങളാണ്. ഇഷ്ടപെട്ട കോളേജ്, ഇഷ്ടപെട്ട കോഴ്സ്, തങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള വഴിയാണ് മിക്ക വിദ്യാർത്ഥികൾക്കും കോളേജ് പഠനം. ഇപ്പോൾ നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികൾ പഠനാവശ്യത്തിനായി പോകാറുണ്ട്. ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു മിടുക്കനെയാണ്.

യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള പതിനെട്ടുക്കാരന് കോളേജുകളിലും സർവ്വകലാശാലകളിലുമായി 27 സ്ഥലത്താണ് അഡ്മിഷൻ കിട്ടിയിരിക്കുന്നത്. മാത്രവുമല്ല 4 മില്യൺ ഡോളർ അതായത് 30 കോടി രൂപയുടെ സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. പനാമ സിറ്റിയിലെ റഥർഫോർഡ് സീനിയർ ഹൈസ്‌കൂളിൽ വിദ്യാർത്ഥിയാണ് ജോനാഥൻ വാക്കർ. 27 കോളേജുകളിൽ നിന്ന് ഏത് കോളേജ് തെരെഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിലാണ് ജോനാഥൻ. ഹാർവാർഡ് യൂണിവേഴ്സിറ്റി, യേൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ എന്നീ കോളേജുകളും ഇതിൽ ഉൾപ്പെടുന്നു.

എല്ലാ കോളേജിലും അഡ്മിഷൻ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും കോളേജിൽ അപേക്ഷിച്ചു എന്ന് പറയുന്നത് തന്നെ പലർക്കും അത്ഭുതമാണ്. അതിൽ എല്ലാത്തിലും അഡ്മിഷൻ കിട്ടി എന്ന് പറയുന്നത് വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. ഞാൻ അതിന്റെ ആവേശത്തിലാണ്. അതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ജോനാഥൻ പറഞ്ഞു.

പഠനത്തിൽ മാത്രമല്ല സ്പോർട്സിലും മിടുക്കനാണ് ഈ പതിനെട്ടുകാരൻ. ഫുട്ബോൾ ടീമിനായും ജോനാഥൻ കളിക്കുന്നുണ്ട്. ഇതിനു പുറമെ അന്ധരും ബധിരരുമായ ആളുകളെ സഹായിക്കുന്നതിനായി ഉപകരണവും കണ്ടുപിടിച്ചു. “ആളുകളെ സഹായിക്കാൻ ഞാൻ ഇഷ്ടപെടുന്നു. അതിനായാണ് ഇങ്ങനെയൊരു ഉപകരണം കണ്ടുപിടിച്ചത്. എല്ലാത്തിനും കുടുംബത്തിന്റെ പിന്തുണയും സ്നേഹവും ഉണ്ടായിരുന്നു”. ജോനാഥൻ പറഞ്ഞു.