ചില കുട്ടികൾ അങ്ങനെയാണ് വായനയുടെയും എഴുത്തിന്റെയും ലോകത്തെ വളരെയധികം ഇഷ്ടപെടുന്നവരായിരിക്കും. എന്നാൽ തന്റെ പന്ത്രണ്ടാം വയസിൽ തന്നെ എഴുത്തുകാരിയായ അങ്കിത അജയ എന്ന കൊച്ചുമിടുക്കിയെ പരിചയപ്പെടാം. ചെറുപ്പം മുതലേ അങ്കിതയ്ക്ക് പുസ്തകങ്ങൾ വായിക്കുന്നത് വളരെ ഇഷ്ടമാണ്. അതിൽ കൂടുതൽ ഇഷ്ടം സൈക്കോളജികൾ ത്രില്ലർ പുസ്തകങ്ങൾ വായിക്കാനാണ്. ആ ഇഷ്ടം തന്നെയാണ് അങ്കിതയെ ഈ പന്ത്രണ്ടാം വയസിൽ സൈക്കോളജിക്കൽ ത്രില്ലർ എഴുതാൻ പ്രേരിപ്പിച്ചത്.

ആദ്യ നോവലായ ദി വൈറ്റസ്റ്റ് ഓഫ് റോസസ് എന്ന പുസ്തകം ഈ അടുത്താണ് പ്രസിദ്ധീകരിച്ചത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഒരു പുസ്തകം എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ എഴുത്തുകാരിലൊരാളാണ് അങ്കിത. യുഎഇയിലാണ് അങ്കിത ജനിച്ചു വളർന്നത്. ഏഴാം ക്ലാസ്സിൽ എത്തിയപ്പോൾ കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ കുടുംബത്തോടൊപ്പം താമസം മാറി.

1960കളിലെ അമേരിക്കയാണ് ദി വൈറ്റസ്റ്റ് ഓഫ് റോസസിന്റെ പശ്ചാത്തലം. വിഷാദത്തിന്റെ പിടിയിൽപെട്ട അമ്മയുടെയും ആക്രമണകാരിയായ പിതാവിന്റെ ഇടയിൽ വളരുന്ന ബെല്ലഡോണയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. തന്റെ പുസ്തകത്തെ കുറിച്ചും അതിലേക്കുള്ള യാത്രയെ കുറിച്ചും അങ്കിത പറയുന്നതിങ്ങനെ… “എഴുത്തിനോട് എനിക്ക് ചെറുപ്പം മുതലേ അടുപ്പമുണ്ട്. കാരണം അത് എന്നെ സ്വതന്ത്രമാക്കുകയും എന്റെ വികാരങ്ങളും താൽപ്പര്യങ്ങളുമായി ആശയവിനിമയം നടത്താനുള്ള എന്റെ പ്രിയപ്പെട്ട മാർഗവുമാണ്. ഹ്യൂമൻ സൈക്കോളജിയോടും എനിക്ക് താത്പര്യമുണ്ട്. ഓരോരുത്തർക്കും വ്യത്യസ്ത മാനസികാവസ്ഥകളാണ്. ഓരോ വ്യക്തിയും അവരുടെ തലച്ചോറിന്റെ കാര്യത്തിൽ വ്യത്യസ്തരാണ്, ഈ വ്യത്യാസം എനിക്ക് വളരെ കൗതുകകരമായി തോന്നുന്നു,” അങ്കിത പറഞ്ഞു.

“ഞാൻ ഒരുപാട് ക്രൈം ത്രില്ലർ സീരിയലുകൾ കാണുകയും ആ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള പുസ്തകങ്ങൾ വായിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് ക്രൈം ത്രില്ലർ എഴുതുക എന്നതിലേക്ക് എത്തിച്ചേർന്നത്. എട്ടാം വയസ്സിൽ ചെറുകഥകളും കവിതകളും എഴുതിത്തുടങ്ങിയിട്ടുണ്ട്. അവളുടെ ആദ്യത്തെ പ്രസിദ്ധീകരിച്ച കൃതി പോലും അങ്കിത എഴുതിയ ഒരു ചെറുകഥയുടെ പശ്ചാത്തലത്തിൽ നിന്ന് വികസിപ്പിച്ചെടുത്തതാണ്. 2021 നവംബറിലാണ് ഈ പുസ്തകം എഴുതാൻ തുടങ്ങിയത്. ജനുവരിയിൽ പുസ്തകം എഴുതി തീർന്നു.