കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാൾക്കുനാൾ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നതിനെ തുടർന്ന് എല്ലാ സർക്കാർ സ്ഥാപനങ്ങളും റസ്‌റ്റോറന്റുകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. നേരത്തെ 50 ശതമാനം പേരെ ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു ഇവയുടെ പ്രവർത്തനങ്ങൾ.

സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിൽ 50 ശതമനം പേർ ഓഫീസുകളിലും, ബാക്കിയുള്ളവർ വീട്ടിലിരുന്നുമാണ് ജോലി ചെയ്യുന്നത്. എന്നാൽ ഓഫീസുകൾ അടച്ചിടാൻ ഉത്തരവിട്ടതോടെ മുഴുവൻ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കും. അതേസമയം അവശ്യസേവനങ്ങൾക്കായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമല്ല.

ഹോട്ടലുകളും റസ്‌റ്റോറന്റുകളും ബാറുകളും പൂർണമായും അടച്ചിടും. ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക. പാഴ്‌സൽ വാങ്ങുന്നതിനും തടസ്സമില്ല. കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഹോട്ടലുകളും, റസ്‌റ്റോറന്റുകളും 50 ശതമാനം പേരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പ്രവർത്തിച്ചിരുന്നത്. മാത്രമല്ല രാവിലെ 8 മുതൽ രാത്രി 10 വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നുള്ളൂ. ബാറുകൾക്ക് ഉച്ചയ്‌ക്ക് 12 മുതൽ രാത്രി 10 വരെയാണ് തുറക്കാൻ അനുവാദം ഉണ്ടായിരുന്നത്.

നിലവിൽ കൊറോണയുടെ മൂന്നാം തരംഗം ഡൽഹിയിൽ പിടിമുറുക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം ഡൽഹിയിൽ 18,795 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ ഇത് അരലക്ഷത്തോളമായി ഉയരുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.