സ്വാതന്ത്ര്യ സമരത്തെ തളളിപ്പറഞ്ഞ് സിപിഎം പുസ്തകം. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ കോടിയേരി ബാലകൃഷ്ണൻ കെ.പി അനിൽകുമാറിന് നൽകി പ്രകാശനം ചെയ്ത കമ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യ സമരവും’ എന്ന പുസ്തകത്തിലാണ് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വളച്ചൊടിച്ച് അവതരിപ്പിച്ചിരിക്കുന്നത്.

കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ സുവർണ ഏടുകളിൽ ഒന്നായി വിശേഷിപ്പിക്കുന്ന ക്വിറ്റ് ഇന്ത്യ സമരം പൊളിഞ്ഞ സമരമെന്നും പുസ്തകത്തിൽ പരാമർശിക്കുന്നു. കോൺഗ്രസും ഗാന്ധിയുമൊന്നും നേരെയാവില്ലെന്ന മനോഭാവത്തിലായിരുന്നുവെന്നും ക്വിറ്റ് ഇന്ത്യ സമരം ഒരു കൊല്ലത്തിനകം പൊളിഞ്ഞുവെന്നുമാണ് പുസ്തകത്തിൽ പറയുന്നത്.

എന്നാൽ മാപ്പിള ലഹളയെന്ന് അറിയപ്പെടുന്ന ഹിന്ദു വംശഹത്യയെ ദേശഭക്തരായ യുവാക്കളുടെ ധീരസമരമെന്നാണ് പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. എ.കെ ഗോപാലന്റെ പ്രസംഗം ഉദ്ധരിച്ചാണ് ഈ വിലയിരുത്തൽ. മാപ്പിളകലാപത്തെ ന്യായീകരിക്കുന്ന കെഇഎൻ കുഞ്ഞഹമ്മദിന്റെ വിലയിരുത്തലുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇഎംഎസ്, ബസവ പുന്നയ്യ, എംഎൻ റോയ്, അബനി മുഖർജി, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം ബി രാജേഷ്, കെ എൻ ഗണേഷ്, ഡോ. കെ ഗോപാലൻകുട്ടി, കെഇഎൻ, ഡോ. ഹുസൈൻ രണ്ടത്താണി, ഇർഫാൻ ഹബീബ്, കെ ടി കുഞ്ഞിക്കണ്ണൻ എന്നിവരുടെ ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്വിറ്റ് ഇന്ത്യ സമരത്തോട് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച നിലപാട് നേട്ടമുണ്ടാക്കിയെന്നാണ് ഇഎംഎസ് നമ്പൂതിരിപ്പാട് ലേഖനത്തിൽ പറയുന്നത്. 1942 ലെ ക്വിറ്റ് ഇന്ത്യ സമരം കഴിഞ്ഞ് അഞ്ച് കൊല്ലക്കാലവും ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയില്ലെന്നും പുസ്തകത്തിൽ പറയുന്നു. സമരം പരാജയമാണെന്ന് ചിത്രീകരിക്കാനായി ഇക്കാര്യങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുളള ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ വിജയം കൊണ്ടാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ഇന്ത്യയിലും അയൽ രാജ്യങ്ങളിലും സ്വാതന്ത്ര്യം കിട്ടിയതെന്നും പുസ്തകത്തിലൂടെ സ്ഥാപിക്കുന്നു.