മിന്നൽ മുരളി ഇറങ്ങിയതിന് പിന്നാലെ അതിവേഗത്തിൽ പറക്കുന്ന എന്തിനേയും ‘മിന്നൽ മുരളി ഇഫക്ട്’ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോഴിതാ മിന്നൽ മുരളി ഇഫക്ട് എന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബൈക്ക് യാത്രികൻ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മരണം വരെ സംഭവിച്ചേക്കാവുന്ന വലിയ അപകടത്തിൽ നിന്നും ബൈക്ക് യാത്രികൻ തലനാരിഴയ്‌ക്ക് രക്ഷപെടുന്നതാണ് വീഡിയോയിലുള്ളത്.

സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ലെങ്കിലും ഈ മാസം ആറിനാണ് സംഭവം നടന്നതെന്ന് വീഡിയോയിലെ ഡേറ്റ് കോഡിൽ നിന്നും വ്യക്തമാകുന്നുണ്ട്. മൂന്ന് ക്ലിപ്പുകളുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആദ്യ ക്ലിപ്പിൽ ബസ് തിരിക്കുമ്പോൾ വേഗത്തിൽ വളവ് തിരിഞ്ഞ് എത്തുന്ന ബൈക്ക് ചെറിയ സ്ഥലത്തിലൂടെ ചീറ് പാഞ്ഞ് പോകുന്നത് കാണാം. ബസ് പെട്ടന്ന് ബ്രേക്കിടുന്നതും വീഡിയോയിൽ ദൃശ്യമാണ്.

രണ്ടാമത്തെ ക്ലിപ്പിൽ അമിത വേഗത കാരണം കെട്ടിടത്തിന്റെ ഗേറ്റ് അതിവേഗത്തിൽ അടയുന്നതാണ്. സംഭവം എന്താണെന്ന് മനസിലാകാതെ ഞെട്ടി തരിച്ച് നിൽക്കുന്ന സെക്യൂരിറ്റിയേയും വീഡിയോയിൽ കാണാം. മൂന്നാമത്തെ വീഡിയോയിൽ റോഡിന് അരികിലുള്ള മരത്തിന് അടുത്തേയ്‌ക്ക് എത്തുകയും അവിടെ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപെടുകയും ചെയ്യുന്നതാണ്. ഇതിനിടയിൽ ഹെൽമെറ്റ് തെറിച്ച് താഴെ വീഴുന്നതും വീഡിയോ ദൃശ്യത്തിൽ നിന്നും മനസിലാകും.

വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. യുവാവിന്റെ അമിത വേഗതയിൽ പലരും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് ഇദ്ദേഹത്തെ തിരയുന്നതായാണ് വിവരം.