കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്ക ബാവയായും മലങ്കര മെത്രാപ്പോലീത്തയായും സുന്നഹദോസ് നിര്‍ദേശിച്ച ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ നിയമനത്തിന് സഭാ മാനേജിംഗ് കമ്മിറ്റിയുടെ അംഗീകാരം.

ഇന്നലെ ഓണ്‍ലൈനില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗമാണ് അംഗീകാരം നല്‍കിയത്. അടുത്തമാസം 14നു പരുമലയില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ മാര്‍ സേവേറിയോസ് കാതോലിക്കാ സ്ഥാനത്തേക്ക് അവരോധിക്കപ്പെടും. പെരുന്നാളിനോടുനുബന്ധിച്ചു പരുമലയില്‍ കാതോലിക്കാ വാഴ്ചയും നടക്കും. ഇന്നലെ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമിസ് അധ്യക്ഷതവഹിച്ചു.