സ്വവർഗ്ഗ വിവാഹങ്ങൾക്കെതിരെയുള്ള നിലപാട് ആവർത്തിച്ച് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആമുഖമുള്ള പുസ്തകം. ‘ദി റിയൽ യൂറോപ്പ് ഐഡൻറിറ്റി ആൻഡ് മിഷൻ’ എന്ന പേരിലുളള പുസ്തകത്തിന്റെ ആമുഖത്തിലാണ് ബെനഡിക്റ്റ് പാപ്പ സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ പ്രവണതയെ പറ്റി ആശങ്ക പ്രകടിപ്പിച്ചത്. സഭാതലവൻ എന്ന നിലയിലുള്ള ഭരണകാലയളവിൽ യൂറോപ്പിനെ പറ്റി നടത്തിയ പ്രസംഗങ്ങളുടെ ശേഖരമാണ് പുസ്തകം. ഐൽ ഫോഗ്ളിയോ എന്ന ഇറ്റാലിയൻ പത്രമാണ് ആമുഖം സെപ്റ്റംബർ പതിനാറാം തീയതി പ്രസിദ്ധീകരിച്ചത്.

“സ്വവർഗ്ഗ വിവാഹം” എന്ന ആശയം ഇതുവരെ പിന്തുടർന്നുവന്നിട്ടുള്ള മാനവികതയുടെ എല്ലാ സംസ്കാരങ്ങൾക്കും വിരുദ്ധമാണെന്ന് മുന്‍ പാപ്പ വ്യക്തമാക്കി. ബഹുഭാര്യത്വം, ഏകഭാര്യത്വം തുടങ്ങിയ വിഷയങ്ങളിൽ നിയമങ്ങളും, മൂല്യ വ്യവസ്ഥിതികളും വിഭിന്നമായിരുന്നെങ്കിലും സ്ത്രീയും, പുരുഷനും മാത്രമേ സന്താനോൽപ്പാദനം നടത്താൻ സാധിക്കുകയുള്ളൂ എന്ന പൊതുബോധം എല്ലാ സംസ്കാരങ്ങൾക്കും ഉണ്ടായിരുന്നു. ഇത് വിവാഹത്തിനു വേണ്ട പ്രധാന ഘടകമായിരുന്നു. സ്വവര്‍ഗ്ഗ ബന്ധങ്ങളിലൂടെ കത്തോലിക്ക സമൂഹത്തിന്റെ മേഖലകളിലേക്ക് ആഴത്തിൽ തുളച്ചുകയറുന്ന മനസ്സാക്ഷിയുടെ വികലതയാണ് കാണുന്നതെന്നും പാപ്പ ഓർമിപ്പിച്ചു.