ടോക്കിയോ ഒളിംപിക്‌സ് നീന്തലില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തില്‍ സെമി കാണാതെ പുറത്ത്. ആദ്യ പതിനാറ് സ്ഥാനക്കാര്‍ക്ക് മാത്രമാണ് സെമിയില്‍ പ്രവേശനമുണ്ടായിരുന്നത്.

അഞ്ചു ഹീറ്റ്സിലുമായി 24ആം സ്ഥാനമാണ് സജന് ലഭിച്ചത്. 1:57:22 എന്ന സമയത്തിലാണ് താരം ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്‌സില്‍ നാലാമനായി ഫിനിഷ് ചെയ്‌തെങ്കിലും ആദ്യ പതിനാറില്‍ ഇടം പിടിക്കാന്‍ താരത്തിന് സാധിച്ചില്ല. 1:56:38 എന്ന സമയത്തില്‍ മത്സരം പൂര്‍ത്തിയാക്കി ദേശീയ റെക്കോര്‍ഡോടെ ഒളിമ്ബിക് യോഗ്യത നേടിയ സജന് ഇതേ പ്രകടനം ടോക്കിയോയില്‍ നടത്താനായില്ല. ഇന്ത്യയില്‍ നിന്നും 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ എ കാറ്റഗറിയില്‍ യോഗ്യത നേടുന്ന ആദ്യ താരമാണ് സാജന്‍. കഴിഞ്ഞ ഒളിംപിക്സില്‍ റിയോ ഡി ജനിറോയില്‍ 27 ആം സ്ഥാനത്താണ് സജന്‍ മത്സരം ഫിനിഷ് ചെയ്തത്.