കോവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ബ്രസീല്‍ നിര്‍ത്തിവച്ചു. പ്രെസിസ മെഡിസാമെന്റോസും എന്‍വിക്സിയ ഫാര്‍മസ്യൂട്ടിക്കലുമായി ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കിയതായി വെള്ളിയാഴ്ചയാണ് ഭാരത് ബയോടെക്ക് അറിയിച്ചത്. ഇന്ത്യയില്‍ നിന്നും കോവാക്സിന്‍ വാങ്ങാനുള്ള 2500 കോടിയുടെ കരാര്‍ ബ്രസീല്‍ റദ്ദാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കരാറിന്മേല്‍ ബ്രസീല്‍ പാര്‍ലമെന്ററി കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മരുന്നു കമ്ബിനികളുമായുള്ള ധാരണാപത്രം റദ്ദാക്കിയതും ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവച്ചതും.

ഗവേഷക സ്ഥാപനമായ അന്‍വിസയുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് ബ്രസീലില്‍ കോവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. മരുന്നുകമ്ബനികളുമായുള്ള ധാരണാപത്രം റദ്ദാക്കിയതായി ഭാരത് ബയോടെക്ക് ഇ-മെയില്‍ മുഖാന്തരം അന്‍വിസയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് ബ്രസീല്‍ ഹെല്‍ത്ത് റെഗുലേറ്റര്‍ അറിയിച്ചു. വാക്സിന്‍ ലൈസന്‍സ്, വിതരണം, ഇന്‍ഷുറന്‍സ്, മൂന്നാംഘട്ട പരീക്ഷണങ്ങളുടെ നടത്തിപ്പ് എന്നിവയ്ക്കായി ബ്രസീലില്‍ ഭാരത് ബയോടെക്കിനെ സഹായിച്ചിരുന്നത് പ്രെസിസ മെഡിസാമെന്റോസ് ആണ്.