സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ മുട്ടില്‍ മരംമുറി വിവാദത്തില്‍ വീഴ്ചയുണ്ടായെന്ന് തുറന്ന് സമ്മതിച്ച്‌ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ചെക്​പോസ്​റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവി​െച്ചന്നും ഇവര്‍ക്കെതിരെ നടപടിയെടു​െത്തന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. 14 കോടിയുടെ നഷ്​ടമുണ്ടായി. ഉദ്യോഗസ്ഥരെ കൂടുതല്‍ നടപടിക്ക് വിധേയരാക്കേണ്ടതുണ്ടോയെന്ന് പരിശോധിച്ച്‌ വരുകയാണ്. വനംവകുപ്പിെന്‍റ വിജിലന്‍സ് വിഭാഗം തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. വിജിലന്‍സ് പറഞ്ഞ കണക്കില്‍ കൃ‍ത്യത വരുത്താനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്. നിലവിലെ നടപടികള്‍ക്ക് പുറ​െമ ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോയെന്ന്​ പരിശോധിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു.

സംഭവത്തില്‍ ബന്ധമുള്ളവര്‍ എത്ര ഉന്നതരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കേസ് ഹൈകോടതിയുടെ പരിഗണനയിലായതിനാലാണ് അറസ്​റ്റ്​ അടക്കം നടപടികളിലേക്ക് കടക്കാത്തത്. അന്വേഷണം ദുര്‍ബലപ്പെടുത്തിയിട്ടില്ല. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമമെന്നും എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. അതേസമയം മരംമുറി വിവാദം സംബന്ധിച്ച്‌ ഒരു ഉത്തരവും വനംവകുപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നുപറഞ്ഞ് മന്ത്രി കൈയൊഴിയുകയും ചെയ്തു. മരംമുറി വിവാദവുമായി ബന്ധപ്പെട്ടുള്ള ഒരു തീരുമാനവും റവന്യൂവകുപ്പുമായി ആലോചിക്കാതെ സ്വീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷത്തിെന്‍റ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്​റ്റര്‍ ചെയ്ത 49 കേസുകളില്‍ 47 എണ്ണത്തിലും മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. ബാക്കിയുള്ള രണ്ട് കേസുകളില്‍ മരത്തിെന്‍റ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടത്തിവരുകയാണെന്നും മന്ത്രി പറഞ്ഞു.

മരംമുറി സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണ ആവശ്യം തള്ളിയതിനെത്തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ചോദ്യോത്തരത്തിനിടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സംഭവത്തില്‍ ഉന്നതര്‍ക്ക് ബന്ധമുള്ളതിനാല്‍ ഹൈകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണത്തില്‍ എന്തെങ്കിലും പോരായ്മ കണ്ടെത്തിയാല്‍ മാത്രമേ പുതിയ അന്വേഷണത്തെക്കുറിച്ച്‌ ആലോചിക്കൂവെന്നും വനംമന്ത്രി മറുപടി പറഞ്ഞതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.‌ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ജുഡ‍ീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.