മോദി സര്‍ക്കാരിന്റെ വിദേശ നയങ്ങളെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അഫ്ഗാനിസ്ഥാന്‍ വിഷയങ്ങളിലാണ് തരൂര്‍ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. അഫ്ഗാനില്‍ നികുതി ദായകരുടെ മൂന്ന് ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്.
താലിബാന്‍ അധികാരത്തില്‍ വരുന്നതോടെ ഇതെല്ലം നശിക്കുമോ എന്നും തരൂര്‍ ചോദിക്കുന്നു. അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും തരൂര്‍ പറഞ്ഞു.
എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോടാണ് തരൂരിന്റെ പ്രതികരണം. മോദി സര്‍ക്കാരിന്റെ വാക്സിന്‍ നയത്തെയും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും തരൂര്‍ നിഷിധമായി വിമര്‍ശിച്ചു. ഇവിടെ ആവശ്യത്തിന് വാക്‌സിനില്ല. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏല്‍ക്കേണ്ട വലിയ വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെയും തരൂര്‍ വിമര്‍ശിച്ചു. ബില്‍ ദേശവിരുദ്ധമാണെന്നും പ്രത്യേക ജനവിഭാഗത്തെ നശിപ്പിക്കുമെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.
അംസം, യുപി സംസ്ഥാനങ്ങള്‍ ബില്ലിന്റെ കരട് പുറത്തുവിട്ടതില്‍ ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ച തരൂര്‍, ജനസംഖ്യ സ്ഥിരമായി ഒരേ രീതിയില്‍ നിലനില്‍ക്കുന്നതല്ലെന്നും ക്രമാനുഗതമായി കുറയുമെന്നും ചൂണ്ടിക്കാട്ടി.