ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ചോര്‍ത്തല്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിചമച്ച കഥകളാണ് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ പ്രചരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇന്ത്യന്‍ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുറത്തുവന്ന റിപ്പോര്‍ട്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജന്‍സി മേധാവികളുടെയും വിവരങ്ങളാണ് ചോര്‍ത്തിയതെന്നായിരുന്നു മാധ്യമറിപ്പോര്‍ട്ടുകള്‍.

മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചില വ്യവസായികളുടെ ഫോണുകളും ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, നെറ്റ് വര്‍ക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

പെഗാസസ് എന്ന ഇസ്രയേല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്‌ ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നും ഇതേക്കുറിച്ച്‌ മാധ്യമങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് കരുതുന്നതായും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ദ വൈര്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ​ഗാര്‍ഡിയന്‍ എന്നീ വെബ്സൈറ്റുകളാണ് പുറത്തുവിട്ടത്.