ഏത് കാലാവസ്ഥയിലും കര്‍മ്മനിരതയാക്കാവുന്ന മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. അമേരിക്കന്‍ നാവികസേനയില്‍ നിന്നാണ് ഇന്ത്യന്‍ നാവികസേനയ്ക്ക് എംഎച്ച്‌ 60 ആര്‍ ഹെലികോപ്റ്റര്‍ ലഭ്യമായത്. അമേരിക്കയുടെ അത്യാധുനിക വായുവേഗ യുദ്ധ പേടകമാണ് എംഎച്ച്‌ 60 ആര്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍.
അമേരിക്കയില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകളാണ് ആദ്യഘട്ടമായി ഇന്ത്യക്ക് കൈമാറിയത്. 24 ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. 2.4 ബില്യണ്‍ ഡോളറാണ് കരാര്‍ തുക. യുദ്ധരംഗത്ത് വിവിധ തല പ്രതിരോധങ്ങള്‍ക്കൊപ്പം പ്രത്യാക്രമണ ഭാഗമായും ഹെലികോപ്റ്റര്‍ പ്രവര്‍ത്തിക്കും. ആയുധങ്ങളും ആഭ്യന്തര ഉപകരണങ്ങളും ഇതിനൊപ്പം ചേര്‍ക്കാനും സാധിക്കും. അമേരിക്കയിലെ ലോക്ക് ഹീഡ് മാര്‍ട്ടിനാണ് നിര്‍മാതാക്കള്‍.
ഇന്ത്യ – അമേരിക്ക പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണ് എംഎച്ച്‌ 60 ആര്‍ ഹെലികോപ്റ്റര്‍ കൈമാറ്റം. ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കാനും സാങ്കേതിക വിവര കൈമാറ്റങ്ങള്‍ക്കുമായി ഇന്ത്യന്‍ ക്രൂ സംഘത്തിന് അമേരിക്കന്‍ നാവികസേന പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. സാന്‍ഡീയാഗോവിലെ നോര്‍ത്ത് ഐലന്‍ഡ് നേവല്‍ എയര്‍ സ്റ്റേഷനിലാണ് ഹെലികോപ്റ്റര്‍ കൈമാറ്റം നടന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനാപതി തരണ്‍ജീത് സിങ് സന്ധു, ഇന്ത്യന്‍ നാവികസേന ഡെപ്യൂട്ടി ചീഫ് വൈസ് അഡ്മിറല്‍ രവനീത് സിങ് എന്നിവരാണ് ഹെലികോപ്റ്റര്‍ ഏറ്റുവാങ്ങിയത്.