തിരുവനന്തപുരം : പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പുതിയ വിവാദം. തങ്ങളുടെ പാര്‍ട്ടിയിലേക്കാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കെന്ന വാഗ്വാദവുമായി ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങള്‍.

പി ജെ ജോസഫ് വിഭാഗത്തിലെ പല മുതിര്‍ന്ന നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിലൂടെ എല്‍ഡിഎഫില്‍ എത്തുമെന്ന് ജോസ് കെ മാണിയുടെ അവകാശവാദമായിരുന്നു തര്‍ക്കത്തിന് തുടക്കം തങ്ങള്‍ക്കൊപ്പം എത്തുന്നതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കോണ്‍ഗ്രസിലെയും, ജോസഫ് ഗ്രൂപ്പിലെയും പല പ്രമുഖ നേതാക്കളുമായി താന്‍ നേരിട്ട് ചര്‍ച്ച നടത്തിയെന്നും ജോസ് കെ മാണി വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് നേതാക്കള്‍ തങ്ങളുടെ പാളയത്തിലെത്തുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. മുതിര്‍ന്ന നേതാവ് മോന്‍സ് ജോസഫാണ് ഇത് സംബന്ധിച്ച്‌ ജോസ് കെ മാണിക്ക് മറുപടി നല്‍കിയത്. ജോസ് കെ മാണിയുടെ ഏകാതിപത്യ പ്രവണതയാണ് നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിലുള്ളതെന്നും ഇതില്‍ അമര്‍ഷമുള്ള നിരവധി പേര്‍ പാര്‍ട്ടി വിടുമെന്നും മോന്‍സ് ജോസഫ് തിരിച്ചടിച്ചു.

അധികാരത്തിന്റെ പുറകെ പോവുന്നവരല്ല കേരള കോണ്‍ഗ്രസുകാര്‍. യുഡിഎഫ് എന്ന ആശയത്തില്‍ അടിയുറച്ചാണ് പ്രവര്‍ത്തകര്‍ കൂടെ നിന്നത്. കേരള കോണ്‍ഗ്രസ് കേഡര്‍ പാര്‍ട്ടിയായി മാറുമെന്നും. ജോസഫ് വിഭാഗത്തില്‍ ഭിന്നതിയില്ലെന്നും മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ വെടിവെച്ചാലും വിട്ടുപോകാത്ത പ്രവര്‍ത്തകരാണ് കേരള കോണ്‍ഗ്രസ് എമ്മിന് ഉള്ളതെന്നാണ് മോന്‍സ് ജോസഫിന്റെ അവകാശ വാദങ്ങള്‍ക്കായി എന്‍ ജയരാജ് നല്‍കിയ മറുപടി.