പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്‌ മനസ്സും ശരീരവും നാഥന് സമര്‍പ്പിച്ച വിശ്വാസികള്‍ സന്തോഷാതിരേകത്തിന്റെ സുദിനമായാണ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായി എത്തിയ പെരുന്നാള്‍ ആഘോഷം ഇത്തവണ വീട്ടകങ്ങളില്‍ ഒതുങ്ങി. പ്രാര്‍ഥനകള്‍ വീടിനുള്ളില്‍ നിര്‍വഹിച്ചും ആശംസകള്‍ മൊബൈല്‍ ഫോണ്‍ വഴിയും മറ്റും കൈമാറിയും കരുതല്‍ ഉറപ്പാക്കും. സാമൂഹിക അകലം പാലിച്ചുവേണം ഈദ് ആഘോഷിക്കേണ്ടതെന്ന തിരിച്ചറിവ് കൂടി വിശ്വാസികള്‍ക്കുണ്ട്.

പുതുവസ്ത്രങ്ങളണിയാതെയും കുടുംബ വീടുകളിലെ സന്ദര്‍ശനമില്ലാതെയുമാണ് പലര്‍ക്കും ഈദ് ആഘോഷം. സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ക്കനുസൃതമായി കൊവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് ഒരു മാസത്തെ വ്രതാനുഷ്ഠാനം കടന്നുപോയത്.

വിശുദ്ധ റമസാനില്‍ നാഥന്റെ പ്രീതി തേടി വിശ്വാസികള്‍ രാപകലുകള്‍ ധന്യമാക്കി. അഞ്ച് നേരത്തെ നിസ്‌കാരത്തിന് പുറമേ രാത്രിയിലെ തറാവീഹ് നിസ്‌കാരത്തിലും അവര്‍ നിരതരായി. മാനവരാശിയെ കീഴടക്കിയ കൊവിഡ് മഹാമാരി നീങ്ങിക്കിട്ടാന്‍ പ്രാര്‍ഥനകളില്‍ അവര്‍ നാഥനോട് കേണുപറഞ്ഞു. അവസാന പത്തില്‍ പള്ളികളില്‍ പ്രാര്‍ഥനകള്‍ക്ക് പൂര്‍ണ നിരോധമേര്‍പ്പെടുത്തിയതോടെ ഏറ്റവും പ്രധാനപ്പെട്ട ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന അവസാന രാവുകളില്‍ വീടുകളിലായിരുന്നു വിശ്വാസികളുടെ ആരാധന.

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച്‌ നിര്‍ബന്ധമുള്ള സകാത്താണ് ഫിത്വര്‍ സകാത്ത്. ഇതിന് ശേഷമാണ് വിശ്വാസി സമൂഹം ഈദ് നിസ്‌കാരം നിര്‍വഹിക്കുക.നിയന്ത്രണങ്ങളുള്ളതിനാല്‍ കടകളില്‍ പെരുന്നാള്‍ തലേദിവസങ്ങളില്‍ ഇത്തവണ തിരക്ക് അനുഭവപ്പെട്ടില്ല. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിക്കൊണ്ടായിരുന്നു ലോക്ക്ഡൗണ്‍.