ഇന്ന് മാസപ്പിറവി കാണാത്തതിനാൽ സൗദിയിൽ മറ്റന്നാൾ റംസാൻ വ്രതം ആരംഭിക്കും. രാജ്യത്ത് വിശുദ്ധ മാസത്തെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായി.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പുണ്യമേറിയ റമദാൻ മാസത്തെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും സൗദിയിൽ പൂർത്തിയായി. റമദാനിൽ വിശ്വാസികളെ സ്വീകരിക്കാൻ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാണ് ഹറം പള്ളികളിൽ പ്രാർഥനയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും കൊവിഡ് ഭേദമായവർക്കും മാത്രമാണ് അവസരം നൽകുന്നത്. മറ്റ് പള്ളികളിൽ കൊവിഡ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ച് കൊണ്ടാണ് വിശ്വാസികൾക്ക് പ്രവേശനം നൽകുക. റമദാനിലെ പ്രവൃത്തി സമയം പൊതുമേഖലയിൽ 5 മണിക്കൂറും സ്വകാര്യ മേഖലയിൽ 6 മണിക്കൂറുമായി കുറച്ചിട്ടുണ്ട്. റസ്റ്റോറന്റുകളിൽ ബുഫെ ഒഴിവാക്കാൻ നിർദേശമുണ്ട്. ഷോപ്പിങ് മാളുകൾക്ക് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകും. റമദാൻ വിപണിയിലേക്ക് ആവശ്യമായ എല്ലാ ഉത്പ്പന്നങ്ങളുടെയും ലഭ്യത ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പ് വരുത്തിയിട്ടുണ്ട്.