ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധ സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഫെബ്രുവരി അവസാനം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് ബ്രാഞ്ച് സമ്മേളനങ്ങള്‍ ജൂലൈയില്‍ ആരംഭിക്കും.

രാജ്യമെമ്പാടുനിന്നുമുള്ള പ്രതിനിധികള്‍ക്ക് എത്തിച്ചേരാനുള്ള യാത്രാസൗകര്യവും മികച്ച സംഘടനാശേഷിയുമുള്ള ജില്ലക്കായിരിക്കും നറുക്കുവീഴുക. ഹൈദരാബാദിലായിരുന്നു 22ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. അടുത്ത സമ്മേളനം വടക്കന്‍ സംസ്ഥാനങ്ങളിലൊന്നില്‍ നടത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതൊഴിവാക്കാനാണ് സിപിഐഎം ഒരുങ്ങുന്നത്. തുടര്‍ഭരണം ലഭിക്കുന്നതിനൊപ്പം പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയൊരുക്കുമ്പോള്‍ കേരളത്തിലെ സംഘടനാപരമായ ശക്തിപ്പെടലും സിപിഐഎം ലക്ഷ്യം വെക്കുന്നുണ്ട്.

1956 ഏപ്രിലില്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിനാണ് കേരളം ആദ്യം വേദിയൊരുക്കിയത്. അവസാനം അതിഥേയത്വം വഹിച്ചത് 2012ല്‍ കോഴിക്കോടും. ഈ മാസം നടക്കേണ്ടിയിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കൊവിഡിന്റേയും ബംഗാളിലേയും കേരളത്തിലേയും നിയമസഭാ തെരഞ്ഞെടുപ്പുകളുടേയും പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.

ജൂലൈ ആദ്യവാരമാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുക. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങളും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏരിയാ സമ്മേളനങ്ങളും നടക്കും. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും. ജനുവരി അവസാനമോ, ഫെബുവരി ആദ്യമോ ആയിരിക്കും സംസ്ഥാന സമ്മേളനം.