പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ആഷിക് അബു പുതിയ സിനിമ പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പണ്ട് 1964 -ല്‍ ഇതേ നീലവെളിച്ചം ചെറുകഥ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചലച്ചിത്രമായിരുന്നു ‘ഭാര്‍ഗ്ഗവീനിലയം’. മലയാളം കണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. എ. വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേംനസീര്‍, മധു, വിജയ നിര്‍മ്മല എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബഷീറിന്റെ 113-ാം ജന്മവാര്‍ഷികത്തില്‍ ആയിരുന്നു ചിത്രത്തെക്കുറിച്ചുള്ള ആഷിക് അബുവിന്റെ പ്രഖ്യാപനം. ഫേസ്ബുക്കിലൂടെയാണ് ആഷിക് അബു വിവരം പങ്കുവെച്ചത്.

“സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേല്‍ നിറവും വെളിച്ചത്തിന്മേല്‍ വെളിച്ചവും ഉപയോഗിച്ച്‌, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുല്‍ത്താന്റെ നൂറ്റിപ്പതിമൂന്നാം ജന്മദിനത്തില്‍ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങള്‍ക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തില്‍ നിന്നും നന്ദി. നീലവെളിച്ചം ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കും” എന്നായിരുന്നു ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.