ന്യൂയോർക്ക് ∙ യുഎസിൽ ദിനംപ്രതി ശരാശരി 1,70,000 പേർക്ക് കോവിഡ് 19 പകരുന്നതായി പുതിയ റിപ്പോർട്ട്. അതായത് ഒരു സെക്കൻഡിൽ രണ്ടു പേർക്ക് വീതം രോഗം പിടിപെടുന്നു. ഒരു ദിവസം 85,000 പേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് തുടരുന്നു. രാഷ്ട്രീയ ധ്രുവീകരണം മൂർധന്യത്തിൽ എത്തിയിരിക്കുന്നതിനാൽ മഹാമാരിയും ആരോപണ പ്രത്യാരോപണ ആയുധമായി മാറിയിരിക്കുകയാണ്. ശിശിരത്തിൽ രോഗപ്രതിരോധത്തിന് ആവശ്യമായ ചെലവുകൾ ഫെഡറൽ, സംസ്ഥാന, തദ്ദേശ ബജറ്റുകൾക്ക് വലിയ ക്ഷതം ഉണ്ടാക്കരുതെന്നാണ് അധികാരികൾ ആഗ്രഹിക്കുന്നത്.

ന്യൂജഴ്സിയിലെ ന്യൂവാർക്ക് നഗരത്തിലെ ഡെമോക്രാറ്റിക് മേയർ റാസ് ബരാക്ക് പത്ത് ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതൊരു അഭ്യർഥനയാണ്. ഓർഡറല്ല എന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഡെൻവറിൽ ഡെമോക്രാറ്റിക് മേയർ മൈക്കൽ ഹാൻകോക്ക് നിവാസികളോട് ഒരു മാസത്തേയ്ക്കു വീട്ടിനുള്ളിൽ കഴിയാൻ അഭ്യർഥിച്ചു. ‘എനിക്കറിയാം, ഇത് വിഷമകരമാണെന്ന്. നിങ്ങൾ വെറുക്കുമെന്ന്’– ഹാൻകോക്ക് പറഞ്ഞു.

താങ്ക്സ് ഗിവിംഗിന് ആരംഭിക്കുന്ന ഒഴിവു ദിനങ്ങളിൽ മില്യൻ കണക്കിനാളുകൾ മൈലുകൾ താണ്ടി ഒന്നുചേരാൻ എത്തുകയാണ്. ഇവരിൽ എത്രപേർ രോഗനിദാനമാനമായ വൈറസ് ഒപ്പം കൂട്ടുന്നുണ്ടാവും എന്ന് പറയാനാവില്ല. ഒരു ഗാർഡൻ ഹോസ് ഉപയോഗിച്ച് മഹാമാരിയുടെ കാട്ടുതീ കെട്ടടയ്ക്കാൻ ശ്രമിക്കുക, അതും കൃത്യമായ ലക്ഷ്യത്തിലേയ്ക്കോ സമയത്തോ ചെയ്യാതിരിക്കുക അതാണ് ഇപ്പോൾ ഗവർണർമാർ ചെയ്യുന്നത്. ഡാർട്ട്മൗത്ത് കോളേജ് സെന്റർ ഗ്ലോബൽ ഹെൽത്ത് എക്വിറ്റിയുടെ പ്രോഗ്രാം ഡയറക്ടർ ആൻ സോസിൻ പറഞ്ഞു.

ഇപ്പോൾ സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത്തരം വിലക്കുകൾ കൃത്യസമയത്ത് ഉണ്ടായിരുന്നുവെങ്കിൽ ഫലപ്രദമായേനെ, ഓക്സ്ഫോർഡ് കോവിഡ്–19 ഗവൺമെന്റ് റെസ്പോൺസ് ട്രാക്കർ എക്സിക്യുട്ടീവ് ഡയറക്ടർ ടോബി ഫിലിപ്സ് പറഞ്ഞു. ഒരു രാജ്യത്തിന്റെ ജനസംഖ്യയുടെ ഒരുമില്യൻ ജനങ്ങളിൽ 40 പുതിയ കേസുകൾ പ്രതിദിനം ഉണ്ടാകുമ്പോൾ പ്രതിവിധി ഉണ്ടാകുന്നതാണ് സമയോചിതമായി സ്ഥാപനം കരുതുന്നത്. ഒരു മില്യണിൽ 200 കേസുകളിൽ കൂടുതൽ ഉണ്ടാകുന്നത് മാക്സിമം റിസ്കായാണ് കണക്കാക്കുന്നത്. ഗവൺമെന്റ് റെസ്പോൺസ് ട്രാക്കർ 190 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നു.

>തായ്‌വാൻ, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങൾക്ക് പെട്ടെന്നുള്ള നടപടികൾ – വിലക്കുകളും, ആശയവിനിമയവും പ്രയോജനകരമായി. തായ്‍വാനിൽ ഒരു സമ്പൂർണ ഷട്ട്ഡൗൺ ഉണ്ടായില്ല. പ്രധാന കാരണം ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കുന്നു. മറ്റുള്ളവരുമായുള്ള സമ്പർക്കം കുറച്ചു. എന്നാൽ ഫിലിപ്സിന്റെ സ്വന്തം രാജ്യമായ യുണൈറ്റഡ് കിംഗ്ഡമിൽ ആഴ്ചകളോളം നീണ്ടു നിന്ന കർഫ്യൂ കേസുകൾ വർധിക്കുന്നത് തടഞ്ഞില്ല.

മഹാരോഗത്തിന്റെ പരിക്ഷീണത, വ്യക്തിപരമായ കഷ്ടപ്പാടുകൾ, ആവശ്യമായ സാമ്പത്തിക സ്രോതസ് ഇല്ലായ്മ, ഗവൺമെന്റ് വിരുദ്ധ വികാരം, ശാസ്ത്രത്തോടുള്ള നിഷേധാത്മക നിലപാട് എന്നിവ പൊതുജനാരോഗ്യ പ്രവർത്തകർ പറയുന്നതും ജനങ്ങൾ യഥാർത്ഥത്തിൽ ചെയ്യുന്നതും തമ്മിൽ വലിയ അന്തരം സൃഷ്ടിച്ചു. മാത്രമല്ല രോഗനിദാനമായ അണുക്കളെകുറിച്ചും അവയ്ക്ക് പകരാൻ കഴിയുന്ന വേഗത്തെക്കുറിച്ചും ബോധവാന്മാരാകാൻ ജനങ്ങൾ തയാറായില്ല. രോഗം പകരുന്നത് തടയാൻ വ്യാപാരത്തിൽ, സ്കൂളിംഗിൽ, സ്പോർട്ട്സ് പരിപാടികളിൽ, സാംസ്കാരിക കൂടി ചേരലുകളിൽ വ്യാപകമായ പരിമിതികൾ ഏർപ്പെടുത്തണം എന്ന നിർദേശം സ്വീകരിക്കുവാൻ ജനങ്ങൾ തയാറായില്ല. ഈ വൈറസ് ആരോഗ്യവിദഗ്ദ്ധർ പറയുന്ന അത്രയും അപകടകാരിയല്ല എന്നവർ വിശ്വസിച്ചില്ല.
>രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഷട്ട് ഡൗണുകൾ മഹാമാരിയുടെ തരംഗം ശക്തമായ വസന്തകാലത്ത് ഏർപ്പെടുത്തുന്നതിന് എതിരായിരുന്നു. എന്നാൽ ഇത് മാത്രമായിരുന്നു മുന്നിലുള്ള ഏക മാർഗം. ഇത് സ്വീകരിക്കാത്തതിനാൽ രോഗികളുടെ ഒഴുക്ക് സ്വീകരിക്കുവാൻ നിർവാഹമില്ലാതെ ഗൗരവമായ രോഗമുള്ള വരെ പോലും ആശുപത്രികൾക്ക് തിരിച്ചയയ്ക്കേണ്ടി വന്നു. കാരണം സ്റ്റാഫിന്റെയും യന്ത്ര സാമഗ്രികളുടെയും ദൗർലഭ്യമായിരുന്നു.

കഷ്ട നഷ്ടങ്ങളുടെ മാർഗം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. വിലക്കുകൾ പ്രതിഷേധങ്ങളും പരിഹാസങ്ങളും ക്ഷണിച്ചുവരുത്തി. സംസ്ഥാന, തദ്ദേശ അധികാരികൾ വളരെ കുറച്ചു മാത്രമേ നടപടികൾ സ്വീകരിച്ചുള്ളൂ എന്നോ വളരെ കടുത്ത നടപടികൾ സ്വീകരിച്ചു എന്നോ ആരോപണങ്ങൾക്ക് വിധേയരായി. ന്യൂയോർക്ക് നഗരത്തിൽ ഇൻ സ്കൂൾ ലേണിംഗ് പബ്ലിക് സ്കൂളുകളിൽ നിർത്തുകയും റസ്റ്ററന്റുകളിൽ ഡൈൻ ഇൻ അനുവദിക്കുകയും ചെയ്തത് മാതാപിതാക്കളെ രോഷാകുലരാക്കി.