തിരുവനന്തപുരം∙സ്വകാര്യ ആശുപത്രിയിൽനിന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ ഡിസ്ചാർജ് ചെയ്താൽ അദ്ദേഹത്തിന്റെ ആരോഗ്യനില സർക്കാർ ആശുപത്രിയിൽ പരിശോധിക്കുന്നതിനെക്കുറിച്ച് കസ്റ്റംസ് ആലോചിക്കുന്നു. ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി ശ്രീചിത്ര പോലുള്ള ആശുപത്രിയിൽ പരിശോധന നടത്താനാണ് ആലോചന നടക്കുന്നത്.

സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ രേഖകൾ കസ്റ്റംസ് ശേഖരിക്കും. ആശുപത്രിയിലെ ഡോക്ടർമാരിൽനിന്ന് കസ്റ്റംസ് വിവരങ്ങൾതേടി. ആരോഗ്യകരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽനിന്ന് ഒഴിയാൻ ശിവശങ്കർ ശ്രമിക്കാനിടയുള്ളതിനാലാണ് ആരോഗ്യ പരിശോധനയെക്കുറിച്ച് കസ്റ്റംസ് ആലോചിക്കുന്നത്. ആശുപത്രിയിൽനിന്ന് ശിവശങ്കറെ ഡിസ്ചാർജ് ചെയ്താലുടന്‍ ചോദ്യം ചെയ്യൽ നടപടികൾ കസ്റ്റംസ് ആരംഭിക്കും.

സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്നു കണ്ടെത്തി. ശിവശങ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രക്തസമ്മർദം ഉയർന്ന നിലയിലായിരുന്നു. ഇസിജിയിലും ചെറിയ വ്യത്യാസം കണ്ടെത്തി. ഇപ്പോൾ രക്തസമ്മർദം സാധാരണ നിലയിലാണ്. നടുവേദനയുണ്ടെന്ന് ശിവശങ്കർ പറഞ്ഞതനുസരിച്ച് നടത്തിയ പരിശോധനയിൽ ഡിസ്കിൽ പ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തി.

ഉദ്യോഗസ്ഥരോടൊപ്പം കാറിൽ കസ്റ്റംസ് ഓഫിസിലേക്കു പോകുമ്പോഴാണ് ശിവശങ്കറിനു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്നു ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശിവശങ്കറെ കസ്റ്റംസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ തുടർച്ചയായി യാത്രചെയ്യുന്ന പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോഴാണ് തിരുവനന്തപുരത്ത് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. തിങ്കളാഴ്ച ശിവശങ്കർ മുന്‍കൂർ ജാമ്യപേക്ഷ സമർപ്പിക്കുമെന്നറിയുന്നു.