ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവയുടെ ഗീക്‌ബെഞ്ച് ടെസ്റ്റ് ഫലങ്ങള്‍ പുറത്തായി. ഐഫോണ്‍ 12ന് സിംഗിൾ കോര്‍ പ്രകടനത്തില്‍ 1,588 പോയിന്റും, മള്‍ട്ടി കോര്‍ പ്രകടനത്തില്‍ 3,677 പോയിന്റും ലഭിച്ചെങ്കില്‍, ഐഫോണ്‍ 12 പ്രോയുടെ സിംഗിൾ കോര്‍ പ്രകടന മാര്‍ക്ക് 1,590ഉം, മൾട്ടി കോര്‍ പ്രകടന മാര്‍ക്ക് 3,881 ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐഫോണ്‍ 12 സീരിസ് ആപ്പിളിന്റെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ പ്രോസസറായ എ14 ബയോണിക് പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു.

കമ്പനിയുടെ മുന്‍ തലമുറയിലെ എ13 ബയോണിക് പ്രോസസറുമായി തട്ടിച്ചു നോക്കുമ്പോള്‍ സിംഗിൾ കോര്‍ പ്രകടനത്തില്‍ 20 ശതമാനം വര്‍ധനയാണു കണ്ടതെങ്കില്‍, മൾട്ടി കോര്‍ പ്രകടനത്തില്‍ 8 ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് ജിഎസ്എം അറീന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടല്‍ പറയുന്നു. ഐഫോണ്‍ 12 ന് 4ജിബി റാമാണ് ഉള്ളതെന്ന് കരുതുന്നു. ഐഫോണ്‍ 12 മിനിയ്ക്കും അതു ലഭിച്ചിരിക്കുമെന്നും കരുതുന്നു. (ആപ്പിള്‍ ഒരിക്കലും ഇതു വെളിവാക്കാറില്ല. ടിയര്‍ ഡൗണ്‍ ടെസ്റ്റുകളാണ് ഇതിന്റെ യാഥാര്‍ഥ്യം കണ്ടെത്തുന്നത്.) എഫോണ്‍ 12 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്ക് 6 ജിബി റാമാണെന്നാണ് അഭ്യൂഹം. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തങ്ങളുടെ എ14 ചിപ്പ് ആദ്യം അവതരിപ്പിക്കുമ്പോള്‍ ആപ്പിള്‍ പറഞ്ഞത് അതിന് മുന്‍തലമുറയിലെ എ13 ചിപ്പിനേക്കാള്‍ 40 ശതമാനം അധിക ശക്തിയുണ്ടാകുമെന്നായിരുന്നു. ജിപിയു കരുത്ത് 30 ശതമാനം വര്‍ധിക്കുമെന്നും കമ്പനി അറയിച്ചിരുന്നു. എന്നാല്‍, തൊട്ടുമുന്നിലെ തലമുറയായ എ13നെക്കുറിച്ച് കമ്പനി പരാമര്‍ശിച്ചില്ല എന്നത് ആ സമയത്തു തന്നെ ശ്രദ്ധയില്‍പ്പെട്ട സമയമാണ്. എന്തായാലും, ഇപ്പോള്‍ പുറത്തുവരുന്ന പരീക്ഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് തൊട്ടുപിന്നിലെ തലമുറയിലെ പ്രോസസറുമായി പറഞ്ഞറിയിക്കത്തക്കവണ്ണമുള്ള പ്രകടന വ്യത്യാസമില്ല എന്നു തന്നെയാണ്. എന്നാല്‍, പ്രോസസറുകള്‍ ശക്തമായിരിക്കാം, എന്നാല്‍ അവയുടെ മുഴുവന്‍ പ്രകടനവും പുറത്തെടുത്താല്‍, ഫോണിന്റെ ബാറ്ററി പ്രകടനം മോശമായേക്കുമെന്നതിനാല്‍ അതിനെ ഇപ്രകാരം ക്രമീകരിച്ചിരിക്കുന്നത് ആകാമെന്നും വാദമുണ്ട്. പുതിയ പ്രോസസര്‍, പുതിയ 5ജി ആന്റിന, പുതിയ സ്‌ക്രീന്‍ എന്നിയ്‌ക്കെല്ലാം ശക്തി പകരുമ്പോള്‍ ബാറ്ററി അധികം സമയത്തേക്ക് പ്രവര്‍ത്തിച്ചേക്കില്ല എന്നതാകണം പ്രോസസറിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിക്കാത്തതെന്ന അനുമാനവും ഉണ്ട്.