ന്യൂഡല്‍ഹി : ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകര സംഘടനകള്‍ക്ക് താക്കീതുമായി എന്‍ഐഎ. സിആര്‍പിഎഫ് ക്യാമ്പില്‍ ആക്രമണം നടത്തിയ ജെയ് ഷെ മുഹമ്മദ് ഭീകരന്റെ സ്വത്തുക്കള്‍ എന്‍ഐഎ പിടിച്ചെടുത്തു. 2017 ഉണ്ടായ ആക്രമണത്തിലാണ് നടപടി.

ഭീകരന്‍ ഇര്‍ഷാദ് റെയ്ഷിയ്‌ക്കെതിരെയാണ് എന്‍ഐഎ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളുടെ വസതിയുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തിനായി എത്തിയ ഭീകരര്‍ക്ക് റെയ്ഷി വീട്ടിലാണ് അഭയം നല്‍കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വീട് എന്‍ഐഎ സംഘം പിടിച്ചെടുത്തത്. നിലവില്‍ റെയ്ഷി  ജയില്‍വാസം അനുഭവിച്ചുവരികയാണ്.

2017 ല്‍ പുല്‍വാമയിലെ റാത്‌നിപോര പ്രദേശത്തെ സിആര്‍പിഎഫ് ക്യാമ്പില്‍ ഉണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യുവരിച്ചത്. തുടര്‍ന്ന് രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ 2019 ഏപ്രില്‍ 14 നാണ് റെയ്ഷി അറസ്റ്റിലായത്. ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയതിന്റെ പ്രധാന ആസൂത്രകന്‍ ഇയാളാണെന്നാണ് കണ്ടെത്തല്‍.

സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച കേസില്‍ റെയ്ഷി ഉള്‍പ്പെടെ നാല് ജെയ് ഷെ ഭീകരരെയാണ് എന്‍ഐഎ സംഘം പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭീകരരായ ഫയാസ് അഹമ്മദ് മാഗ്രേയ്, നിസാര്‍ അഹമ്മദ്, സെയ്ദ് ഹിലാല്‍ അന്ത്രാബി എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ എന്‍ഐഎ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.