ടെക്സസ്: “ലോറ’ ചുഴലികൊടുങ്കാറ്റ് സംഹാരരൂപിയായി ലൂസിയാന, ടെക്സസ് തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചു. ലൂസിയാനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. വെര്‍നോണിലെ ഒരു വീട്ടില്‍ മരം വീണ് പതിനാലുകാരി പെണ്‍കുട്ടിയാണ് മരിച്ചത്.

കാറ്റഗറി 4 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന “ലോറ’ വ്യാഴാഴ്ച പുലര്‍ച്ചെ 150 മൈല്‍ വേഗതയില്‍ രാക്ഷസരൂപിയായി ലൂസിയാനയിലെ കാമറൂണിന് സമീപം കരയ്ക്കടിഞ്ഞു.വ്യാഴാഴ്ച ഉച്ചയോടെ ഉഷ്ണമേഖലാ ന്യുനമര്‍ദ്ദമായി ദുര്‍ബലപ്പെട്ടു കാറ്റിന്‍റെ പരമാവധി വേഗത 65 മൈല്‍ ആയി കുറഞ്ഞു. ലൂസിയാനയിലെ ശ്രെവെപോര്‍ട്ടിന് കിഴക്ക്-വടക്കുകിഴക്കായി 65 മൈല്‍ അകലെയാണ് ഇപ്പോള്‍ ലോറ.

ദേശീയ കാലാവസ്ഥ വിഭാഗത്തിന്‍റെ കണക്കനുസരിച്ചു ലോറ വ്യാഴാഴ്ച രാത്രി അര്‍ക്കന്‍സാസിലും വെള്ളിയാഴ്ച മിസിസിപ്പി താഴ്വരയിലും ശനിയാഴ്ച അറ്റ്ലാന്‍റിക് സംസ്ഥാനങ്ങളിലേക്കും നീങ്ങുമെന്നാണ് പ്രവചിക്കപ്പെടുന്നത്. മരണം ഒഴിവാക്കാനായി ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ച ഇവാക്വേഷന്‍ ടീമിനെ ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് പ്രശംസിച്ചു.

മൂന്നുവര്‍ഷം മുന്പ് കനത്ത നാശം വിതച്ച “ഹാര്‍വി’യുടെ ഓര്‍മകള്‍ ഇന്നും മാറാത്ത ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ് സഹായ വാഗ്ദാനവുമായി ഇരു സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ക്കും കത്തയച്ചു. “ഹാര്‍വി’യുടെ സമയത്തു അനുഭവിച്ച മാനസികാവസ്ഥ ഇന്നലെ കഴിഞ്ഞതു പോലെ ഓര്‍ക്കുന്നു. അന്ന് ലൂസിയാനയുടെ കേജന്‍ നേവി നല്‍കിയ സഹായം മറക്കാനാവില്ല. അതുപോലെ എണ്ണമറ്റ സഹായങ്ങളാണ് അമേരിക്കയുടെ പലഭാഗത്തുനിന്നും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിക്കു ലഭിച്ചത്. അത് ഞാന്‍ നേരിട്ട് കണ്ടു – ജഡ്ജ് കെ.പി. ജോര്‍ജ് പറഞ്ഞു. നമ്മെ ഒന്നിച്ചു നിര്‍ത്തുന്ന സൗഹൃദത്തിന്‍റേയും മാനവികതയുടെയും ബന്ധങ്ങളെ തകര്‍ക്കാന്‍ ഒരു വെല്ലുവിളികള്‍ക്കുമാവില്ല. ഇത് സഹായിക്കാനുള്ള സമയമാണ്. പാലായനം ചെയ്ത കുടുംബങ്ങളെ സഹായിക്കുന്നതിനായി ധന സമാഹരണത്തിനും ഭക്ഷണവും വസ്ത്രവും സമാഹരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കും – ജഡ്ജ് കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: അജു വാരിക്കാട്