ദില്ലി: രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതിയില്‍ അടിമുടി മാറ്റം വരുന്നു. ഇപ്പോഴത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി രീതികള്‍ മാറ്റുന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതനുസരിച്ച്‌ നാല് ഘട്ടങ്ങളിലായി പന്ത്രണ്ട് ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന പതിനെട്ടു വര്‍ഷ വിദ്യാഭ്യാസ സമ്ബ്രദായം രാജ്യത്ത് നിലവില്‍ വരും. ഇഷ്ടമുള്ള വിഷയങ്ങള്‍ മാത്രം തെരഞ്ഞെടുത്തു പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം ഉണ്ടാകുമെന്നാണ് അവകാശവാദം. മാനവ വിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയമായി മാറും. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് നാലിന് ദില്ലിയില്‍ നടക്കും.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പൊളിച്ചെഴുത്താണ് വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാക്കും. ഒപ്പം കരിക്കുലത്തിന് പുറത്ത് കലാകായിക മേഖലകളിലടക്കം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കുന്ന വിധം വിഭ്യാഭ്യാസ രീതി മാറ്റാനാണ് കരട് നയത്തില്‍ ശുപാര്‍ശ ഉണ്ടായിരുന്നത്.

പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ സമ്ബ്രദായങ്ങലിലും മാറ്റം വരും. 10+2 എന്ന നിലവിലെ രീതി മാറി 5+3+3+4 എന്ന ഘടനയിലേക്ക് വിദ്യാഭ്യാസ രീതി പരിഷ്കരിക്കാനാണ് തീരുമാനം. അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയില്‍ തന്നെ നടത്താനും ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം പഠിപ്പിക്കാനും പുതിയ നയത്തില്‍ ശുപാര്‍ശയുണ്ട്.