കൊച്ചി: കോവിഡ് പ്രതിരോധത്തിനായി ആശുപത്രി വിട്ടു നല്‍കി ആലുവയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോക്ടര്‍ സി.എം .ഹൈദരലി. 35 പേരെ കിടത്തി ചികില്‍സിക്കാവുന്ന ആശുപത്രിയാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി ആശുപത്രി പ്രവര്‍ത്തിക്കും.

കോവിഡ് വൈറസിനോട് പടപൊരുതുകയാണ് ആലുവ. ക്ലസ്റ്റര്‍ സോണായ ഇവിടെ ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രോഗം ബാധിക്കുന്നവരെ കിടത്തിചികില്‍സിക്കാനുള്ള ഇടങ്ങളൊരുക്കുന്നതിനിടെയാണ് ഡോക്ടര്‍ സി.എം.ഹൈദരലി സഹായവുമായി മുന്നോട്ട് വന്നത്. പെയിന്‍‌ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററായി പ്രവര്‍ത്തിച്ചിരുന്ന കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ തന്റെ ആശുപത്രി കെട്ടിടം ഹൈദരലി പൂര്‍ണമായും സര്‍ക്കാരിന് വിട്ടുകൊടുത്തു. 35 പേരെ കിടത്തി ചികില്‍സിക്കാവുന്ന ഇവിടം ഇപ്പോള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാണ്.

സ്ത്രികള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം വാര്‍ഡും ഭക്ഷണമുറിയും അടുക്കളയുമെല്ലാം ആശുപ്ത്രിയില്‍ സജ്ജമാണ്. 20 വര്‍ഷമായി ആലുവയില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ് ഡോ. ഹൈദരലി. 18 വര്‍ഷം മുമ്ബ് അന്‍വര്‍ പാലിയേറ്റീവ് കെയര്‍ എന്ന പേരില്‍ ജില്ലയിലെ ആദ്യത്തെ പാലിയേറ്റീവ് കേന്ദ്രം തുടങ്ങിയത് ഹൈദരലിയാണ്