ഗാംഗുലി 2023 ലോകകപ്പ് വരെയെങ്കിലും ബിസിസിഐ പ്രസിഡന്റായി തുടരണമെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്കര്‍. വിരമിച്ച ശേഷവും ഇന്ത്യന്‍ ടീമിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഗാംഗുലി 2023 ലോകകപ്പ് വരെയെങ്കിലും ബിസിസിഐ പ്രസിഡന്റായി തുടരണമെന്നാണ് ഗവാസ്കര്‍ പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇന്നത്തെ അവസ്ഥയിലേക്ക് കൈപിടിച്ചുയര്‍ത്തി സൗരവ് ഗാംഗുലി ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ച്ചയിലേക്ക് നയിക്കുകയാണ്.

‘ബിസിസിഐയും അനുബന്ധ സ്ഥാപനങ്ങളും നല്‍കിയ നിരവധി അപേക്ഷകളുടെ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച്‌ നിരാശയുള്ള കാര്യമാണ്. രാജ്യത്തെ പരമോന്നത കോടതിയുടെ മുന്നില്‍ ക്രിക്കറ്റിനേക്കാള്‍ പ്രധാനപ്പെട്ട കേസുകളുണ്ടെങ്കിലും സുപ്രീം കോടതിയുടെ വിധിക്കായി ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സൗരവ് ഗാംഗുലി 2023ലെ ലോകകപ്പുവരെയെങ്കിലും ബിസിസിഐ പ്രസിഡന്റായി തുടരണമെന്നാണ് വ്യക്തിപരമായ അഭിപ്രായം’ എന്ന് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ഗാംഗുലി ബിസിസിഐയുടെ തലപ്പത്തെത്തിയ ശേഷം നിരവധി മാറ്റങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തിയത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചതാണ്. ഇന്ത്യ ആദ്യമായി പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റ് കളിച്ചതും ഗാംഗുലി ബിസിസിഐ പ്രസിഡന്റായതിനു ശേഷമാണ്. മുന്‍ താരങ്ങളുടെ ചികിത്സാ ചിലവിനായുള്ള തുക പലപ്പോഴും വേണ്ടത്ര ലഭിക്കാറില്ല. ഓരോരുത്തര്‍ക്കും വെവ്വേറെ ശാരീരിക പ്രശ്നങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ഓരോ കേസും വേറെയായിത്തന്നെ പരിഗണിക്കണമെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടെങ്കില്‍ ബിസിസിഐയില്‍ നിന്നുള്ള വൈദ്യ സഹായത്തിന് പരിധിയില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.